
ഖത്തറില്‍ അന്തരീക്ഷ താപം വര്‍ധിക്കുന്നു. വരും ദിവസങ്ങളിലും ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഖത്തറിലെ വേനല്‍ക്കാലം മൂന്നാം മാസത്തിലേക്ക് കടന്നതോടെയാണ് അന്തരീക്ഷ താപത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
പ്രതിമാസ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം ഉപരിതലത്തില്‍ ന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യം കൂടുതലായിരിക്കും. കിഴക്കന്‍ ദിശയിലായിരിക്കും കാറ്റ് കൂടുതല്‍ ശക്തമാവുക. ഇത് ആപേക്ഷിക ആര്‍ദ്രത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
പൊടിക്കാറ്റ് ശക്തമാകുന്നതിനൊപ്പം ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി അധികൃതര്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമുള്ളവരും കുട്ടികളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാഹനം ഓടിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ഹ്യൂമിഡിറ്റി കൂടുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ അതിരാവിലെയും രാത്രിയിലും മങ്ങിയ കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെയും തുറസ്സായ ഹൈവേകളിലെയും യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. പൊതു ആരോഗ്യത്തിനും യാത്രാ സുരക്ഷയ്ക്കുമായി കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ നിരന്തരം പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Temperatures are rising in Qatar