മണിരത്‌നം ചിത്രത്തിൽ നിന്ന് സിമ്പു ഔട്ട്, ഇനി നായകൻ ധ്രുവ് വിക്രം?; റൊമാന്റിക് ചിത്രം ഉടൻ ആരംഭിക്കും

മാരി സെൽവരാജ് ഒരുക്കുന്ന 'ബൈസൺ' ആണ് ഇനി പുറത്തുവരാനുള്ള ധ്രുവ് വിക്രം ചിത്രം

dot image

മികച്ച സിനിമകൾ കൊണ്ട് എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് മണിരത്‌നം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കമൽ ഹസനെ നായകനാക്കി ഒരുക്കിയ തഗ് ലൈഫ് ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്.

ധ്രുവ് വിക്രമിനെ നായകനാക്കിയാണ് മണിരത്‌നം അടുത്ത സിനിമയൊരുക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു റൊമാന്റിക് ആക്ഷൻ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. നേരത്തെ സിലമ്പരശനെ നായകനാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കുന്നതെന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. സിനിമയിൽ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത്. 'സപ്ത സാഗര ദാച്ചെ യെല്ലോ' എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് രുക്മിണി. എ ആർ റഹ്‌മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

നിലവിൽ തഗ് ലൈഫ് നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയില്‍ തഗ് ലൈഫ് മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്ന് ഒടിടി റിലീസിന് ശേഷം പലരും കുറിച്ചു. തിയേറ്ററില്‍ ഫ്‌ളോപ്പായ സിനിമകളെ ഒടിടിയില്‍ ഹിറ്റാക്കാന്‍ പലപ്പോഴും ഒരുകൂട്ടം ആളുകള്‍ ഉണ്ടാകുമെന്നും അവര്‍ക്ക് പോലും തഗ് ലൈഫിനെ ആവശ്യമില്ലെന്നും ചിലരെഴുതി. കുറ്റം പറയാന്‍ പോലും ആരും ചിത്രം കാണുന്നില്ലെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

അതേസമയം, മാരി സെൽവരാജ് ഒരുക്കുന്ന ബൈസൺ ആണ് ഇനി പുറത്തുവരാനുള്ള ധ്രുവ് വിക്രം ചിത്രം. ഒക്ടോബർ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രമാണ് ഇത്. തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്നാണ് മാരി സെല്‍വരാജ് വ്യക്തമാക്കിയത്. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Hightights: Dhruv Vikram to headline next maniratnam film

dot image
To advertise here,contact us
dot image