

ഒമാന്റെ ചരിത്രപരവും സാംസ്കാരികവുമായ അടയാളങ്ങളായ റോയൽ ഓപ്പറ ഹൗസ്, അൽ ആലം കൊട്ടാരം, അൽ സഹവ ടവർ എന്നിവ ഇനി കടലിനടിയിലും വിസ്മയ കാഴ്ചയൊരുക്കും. ദൈമാനിയാത് ഐലൻഡ്സ് നാച്ചുറൽ റിസർവിൽ അണ്ടർവാട്ടർ ലാൻഡ്മാർക്സ് ഓഫ് ഒമാൻ മ്യൂസിയം സ്ഥാപിക്കാനൊരുങ്ങി ഒമാൻ എൻവയോൺമെന്റ് അതോറിറ്റി. ഒമാന്റൽ, ഇന്നോടെക് എന്നിവയുടെ സഹകരണത്തോടെയാണ് ഈ അപൂർവ്വ പദ്ധതി നടപ്പിലാക്കുന്നത്.
പരിസ്ഥിതി സൗഹൃദ കോൺക്രീറ്റും 3D പ്രിന്റിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് കടലിനടിയിൽ ലാൻഡ്മാർക്കുകൾ നിർമ്മിക്കുന്നത്. പവളപ്പുറ്റുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കടൽജീവികൾക്ക് പ്രകൃതിദത്തമായ വാസസ്ഥലം ഒരുക്കുന്നതിനുമാണ് ഇവ പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിസർവിനുള്ളിലെ 250 ചതുരശ്ര മീറ്റർ പ്രദേശത്താണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്.
ദൈമാനിയാത് ദ്വീപിലെ പ്രകൃതിദത്ത പവളപ്പുറ്റുകൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കുക, സുസ്ഥിരമായ എക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക, ശാസ്ത്രീയ ഗവേഷണങ്ങൾക്കും പാരിസ്ഥിതിക പഠനങ്ങൾക്കും സൗകര്യമൊരുക്കുക എന്നിവയാണ് ഈ സംരംഭത്തിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. സ്വദേശികളും വിദേശികളുമായ സ്കൂബ ഡൈവിങ് പ്രേമികളെ ആകർഷിക്കുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കുന്നത്.
ആദ്യഘട്ട നിർമ്മാണം വരും മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വിജയത്തിന് ശേഷം ഒമാന്റെ കൂടുതൽ പൈതൃക മാതൃകകൾ ഉൾപ്പെടുത്തി പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാനും തീരുമാനമുണ്ട്.
Content Highlights: Oman is developing an underwater museum at the Daymaniyat Islands featuring 3D-printed replicas of four iconic landmarks to promote marine conservation and diving tourism