'ജോയിന്റ് ഡയറക്ടർ തസ്തിക പ്രമോഷൻ പോസ്റ്റാണെന്ന കാര്യം മറച്ചുവെച്ചു, സിസ തോമസിനെ കാലടിയിൽ എത്തിച്ചത് ഗവർണർ'

മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന് മറുപടിയുമായി കെ ടി ജലീൽ. മീഡിയ വണ്ണിന് തന്നോടുള്ള 'കുശുമ്പ്' തീര്‍ക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കരുതെന്ന് ജലീൽ

'ജോയിന്റ് ഡയറക്ടർ തസ്തിക പ്രമോഷൻ പോസ്റ്റാണെന്ന കാര്യം മറച്ചുവെച്ചു, സിസ തോമസിനെ കാലടിയിൽ എത്തിച്ചത് ഗവർണർ'
dot image

മലപ്പുറം: കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വിഭാഗത്തിലെ ഉന്നത പദവിയിലേക്ക് കൊണ്ടുവന്നത് കെ ടി ജലീല്‍ ഇടപെട്ടാണെന്നുള്ള മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ്റെ ആരോപണത്തിന് മറുപടിയുമായി കെ ടി ജലീല്‍ രംഗത്ത്. ജോയിന്റ് ഡയറക്ടര്‍ തസ്തിക പ്രമോഷന്‍ പോസ്റ്റാണെന്ന കാര്യം മറച്ചുവെച്ചാണ് ഡോ. ബീനയെ മാറ്റി തല്‍സ്ഥാനത്തേയ്ക്ക് സിസ തോമസിനെ നിയമിച്ചു എന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ തെറ്റായി പെരുമ്പറ കൊട്ടിയതെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സിസ തോമസിനെ അവിടെ നിന്നാണ് ചാന്‍സലറായ ഗവര്‍ണര്‍ കാലടി സര്‍വകലാശാലയുടെ വിസിയാക്കിയത്. അതിന് താനാണ് കാരണക്കാരന്‍ എന്നും പ്രമോദ് രാമന്‍ തട്ടിവിടുന്നുണ്ടെന്നും കെ ടി ജലീല്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധി പ്രകാരം 2009 മുതല്‍ തരംതാഴ്ത്തപ്പെട്ട അദ്ധ്യാപകരുടെ റിസര്‍വേഷന്‍ റദ്ദ് ചെയ്യപ്പെടുകയും അവര്‍ക്ക് മുന്‍പ് നല്‍കിയ പ്രമോഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം പുനഃസ്ഥാപിച്ചപ്പോള്‍, തരംതാഴ്ത്തല്‍ മൂലമുണ്ടായ തസ്തികകളില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രൊമോഷനുകള്‍ റദ്ദ് ചെയ്യപ്പെട്ടു. ആ കൂട്ടത്തിലാണ് ഡോ. ബീനയ്ക്ക് കിട്ടിയ പ്രൊമോഷനും നഷ്ടമായത്. ഒരു കെജിഒഎയുടെ പ്രവര്‍ത്തകയെ അവര്‍ ഇടതുപക്ഷക്കാരിയായിട്ടും നിയമവിരുദ്ധമായി താന്‍ സഹായിച്ചില്ല എന്ന മഹാപരാധമാണ് തന്റെ മേല്‍ പ്രമോദ് രാമന്‍ ആരോപിക്കുന്നത്. വ്യക്തികളെ നോക്കിയല്ല മറിച്ച് കോടതി ഉത്തരവുകളും, അന്ന് നിലവിലുള്ള നിയമങ്ങളും അനുസരിച്ചാണ് സിസ തോമസ് ഉള്‍പ്പടെ ഒട്ടനവധി അദ്ധ്യാപകര്‍ക്ക് പ്രൊമോഷനുകള്‍ നല്‍കിയതെന്നും കെ ടി ജലീല്‍ പറഞ്ഞു.

'റാങ്ക് ലിസ്റ്റില്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ ജോയിന്റ് ഡയറക്ടറായി നിയമിക്കപ്പെടാനുള്ള സീനിയോറിറ്റി സിസ തോമസിനാണ് ഉണ്ടായിരുന്നത്. ഡോ. സിസ തോമസിനെ ജോയിന്റ് ഡയറക്ടറായി റാങ്ക് ലിസ്റ്റ് പ്രകാരം പ്രമോഷന്‍ നല്‍കിയപ്പോള്‍ അവരുടെ രാഷ്ട്രീയം മന്ത്രി എന്ന നിലയില്‍ താന്‍ പരിശോധിച്ചിട്ടില്ല. ന്യായമായും നടക്കേണ്ടതാണ് നടത്തിയത്. സുപ്രീംകോടതി വിധി അനുസരിച്ച് ഡോ. ബീനയെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് പകരം അവരുടെ കെജിഒഎ അംഗത്വവും ഇടതുപക്ഷ ആഭിമുഖ്യവും പരിഗണിച്ച് എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ നിരവധി അദ്ധ്യാപകരുടെ പ്രമോഷനുകള്‍ അട്ടിമറിക്കപ്പെട്ടേനെ. അതൊരു തീരാങ്കളങ്കമായി മാറുകയും ചെയ്‌തേനെ. മാത്രമല്ല, സുപ്രീം കോടതി അലക്ഷ്യത്തിന്, താന്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നുവെന്നും കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി.

മീഡിയ വണ്ണിന് തന്നോടുള്ള 'കുശുമ്പ്' തീര്‍ക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ദാവൂദ് പറഞ്ഞാല്‍ ഏശില്ലാ എന്നതുകൊണ്ടാണോ പ്രമോദ് രാമനെ ഈ അസത്യം പറയാന്‍ ഏല്‍പ്പിച്ചതെന്നും ജലീല്‍ ചോദിച്ചു. ലീഗ് പയറ്റുന്ന അതേ തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. പ്രമോദ് രാമനും മീഡിയ വണ്ണിനും മാധ്യമത്തിനും മറുപടി പറയാന്‍ തനിക്ക് ഭരണമോ, നിയമസഭാംഗത്വമോ, യൂണിവേഴ്‌സിറ്റികളുടെ പ്രോ-ചാന്‍സലര്‍ പദവിയോ ഒന്നും വേണ്ട. കെ ടി ജലീലെന്ന വ്യക്തിയുടെ നാവും പേനയും മാത്രം മതിയെന്ന് പറഞ്ഞുകൊണ്ടാണ് ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാലിനെ വിഷമാക്കുന്ന 'രാമന്‍വിദ്യ'

കാലടി സര്‍വകലാശാലയിലെ ഇപ്പോഴത്തെ വി സി സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറാക്കിയത്, ഇപ്പോള്‍ ഭരണത്തിലോ, നിയമസഭയിലോ, സര്‍വകലാശാലകളിലോ ഇല്ലാത്ത മൂന്നാമതൊരാള്‍ ആണത്രെ. അത് ഞാനാണെന്നാണ് പ്രമോദ് രാമന്റെ നാവിലൂടെ മീഡിയ വണ്ണും മാധ്യമവും പറയുന്നത്. ഞാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണത്രെ സിസ തോമസിനെ നിയമം മറികടന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ 'സീനിയര്‍ ജോയിന്റ് ഡയറക്ടര്‍' ആക്കിയത്! അതും ഒരു സഖാവായ ഡോ. ബീനയെ മാറ്റിയിട്ട്! പ്രമോദ് രാമന്‍ പറഞ്ഞതിന്റെ വസ്തുത എന്താണ്? നമുക്ക് പരിശോധിക്കാം.

ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇപ്പോഴത്തെ അസ്സോസിയേറ്റ് പ്രൊഫസര്‍), പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ തസ്തികകളിലേക്ക് പ്രൊമോഷന്‍ നടത്തുന്നത് സംബന്ധിച്ച സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി 2004-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. എന്നാല്‍, സ്‌പെഷ്യല്‍ റൂളിലെ 6(എ) ഉപവകുപ്പിനെതിരെ പല അദ്ധ്യാപകരും ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകരുടെ പ്രമോഷന്‍ നടക്കാത്തതിനെ തുടര്‍ന്നുണ്ടായ അസംതൃപ്തി മറികടക്കാന്‍ നിലവിലുണ്ടായിരുന്ന സ്‌പെഷ്യല്‍ റൂള്‍ പ്രകാരം 2008-ല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സെലക്ഷന്‍ നടപടികള്‍ ആരംഭിച്ചു. മാനദണ്ഡങ്ങള്‍ പ്രകാരം റാങ്ക് ലിസ്റ്റും തയ്യാറാക്കി. വിവിധ അദ്ധ്യാപക സംഘടനകളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ റാങ്ക് ലിസ്റ്റില്‍ ചില പാകപ്പിഴവുകള്‍ കണ്ടെത്തി. അതേതുടര്‍ന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രസ്തുത സെലക്ഷന്‍ പട്ടിക റദ്ദുചെയ്യുകയും, ടി കേസിന്റെ അന്തിമ വിധി വരുന്നതുവരെ, നിലവിലുള്ളതോ ഭാവിയില്‍ ഉണ്ടാകുന്നതോ ആയ എല്ലാ തസ്തികകളിലേക്കും KS&SSR ലെ 31 (എ) പ്രകാരമുള്ള പ്രൊമോഷനേ നടത്താന്‍ പാടുളളൂ എന്ന് ഉത്തരവിറക്കുകയും ചെയ്തു (GO(Ms) No. 26/09/H. Edn dt. 9/2/2009).

ബഹുമാനപ്പെട്ട ഹൈക്കോടതി 2013 ല്‍ സ്‌പെഷ്യല്‍ റൂളിലെ 6(എ) ഉപവകുപ്പ് അസാധുവാക്കി. പിഎച്ച്ഡി ഇല്ലാത്ത സര്‍വീസിലുണ്ടായിരുന്ന സീനിയര്‍ പ്രൊഫസര്‍മാരെയും അസ്സോസിയേറ്റ് പ്രൊഫസര്‍മാരെയും പൂര്‍വ്വ തസ്തികകളിലേക്കുതന്നെ മാറ്റി, അഥവാ തരംതാഴ്ത്തി. പിഎച്ച്ഡിയുള്ള ജൂനിയര്‍ അദ്ധ്യാപകരെ പ്രൊമോട്ട് ചെയ്ത് ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമിക്കുകയും ചെയ്തു. സീനിയര്‍ അദ്ധ്യാപകര്‍ക്കിടയില്‍ ഹൈക്കോടതി വിധിയും തുടര്‍നടപടികളും വ്യാപക മുറുമുറുപ്പ് ഉണ്ടാക്കി.

ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ നിരവധി അദ്ധ്യാപകര്‍ 7/4/2014ല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, പാരഗ്രാഫ് ഒന്നില്‍ സൂചിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേസിന്റെ അന്തിമവിധി വരുന്നതുവരെ ഉണ്ടാകുന്ന എല്ലാ തസ്തികകളിലേക്കും KS&SSR ലെ 31 (എ) പ്രകാരം മാത്രമേ പ്രൊമോഷന്‍ നടത്താന്‍ പാടുള്ളൂ എന്ന നിബന്ധന അവഗണിച്ചുകൊണ്ട്, 2014-ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ തസ്തികകളിലേക്കും സെലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു.

നോട്ടിഫിക്കേഷന്‍ പ്രകാരം അയോഗ്യരായ അദ്ധ്യാപകരെ വരെ ഉള്‍പ്പെടുത്തിക്കൊണ്ട് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അതില്‍നിന്നും 15 അദ്ധ്യാപകരെ 31/3/2016ല്‍ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍മാരായി നിയമിച്ചുകൊണ്ട് ഉത്തരവ് ഇറക്കി (GO(Ms) No. 88/2016/H. Edn dt 31/3/16). 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനിടയിലുള്ള സമയത്ത് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന അയോഗ്യരായ 5 അദ്ധ്യാപകരെ കൂടി പ്രിന്‍സിപ്പല്‍മാരായി നിയമിച്ചുകൊണ്ട് വകുപ്പുമേധാവി ഉത്തരവിറക്കിയത് അദ്ധ്യാപകര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി (GO (Ms) No. 103/2016/H. Edn dt. 26/4/2016).

അദ്ധ്യാപകരെ തരംതാഴ്ത്തിയ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടും, ഹൈക്കോടതി വിധികള്‍ അസാധുവാക്കിക്കൊണ്ടും സുപ്രീംകോടതി എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ പ്രമോഷന്‍ കേസിലെ അന്തിമവിധി പറഞ്ഞ അതേ തീയതിയിലാണ് ഈ വിവാദ ഉത്തരവ് പുറത്തുവന്നത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിയമവകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം സ്വീകരിച്ചുകൊണ്ട് 2008 മുതലുള്ള എല്ലാ പ്രൊമോഷണനുകളും പരിശോധിക്കുവാനും, സ്‌പെഷ്യല്‍ റൂളും AICTE റെഗുലേഷനും അനുസരിച്ച്, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ തസ്തികകള്‍, KS&SSR ലെ 31 (എ) പ്രകാരം നികത്താനും ഒന്നാം പിണറായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു (GO (Ms) No. 282/2017/H. Edn dt. 7/11/2017).

സുപ്രീംകോടതിയുടെ വിധിയുടെയും എജിയുടെ ഉപദേശത്തിന്റെയും വെളിച്ചത്തില്‍, മുകളില്‍ സൂചിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2008 മുതലുള്ള എല്ലാ പ്രൊമോഷണനുകളും സെലക്ഷനുകളും റിസര്‍വേഷനുകളും പുനഃപരിശോധിച്ച് വേണ്ട ഭേദഗതികള്‍ വരുത്താനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഞാന്‍ നിര്‍ദേശം നല്‍കിയത്. നിലവിലെ റാങ്ക്‌ലിസ്റ്റ് റദ്ദ് ചെയ്ത് 10 വര്‍ഷം മുമ്പുള്ള സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കാന്‍ കുറച്ച് സമയമെടുത്തു. അതിനെതിരെ പ്രമോഷന്‍ ലഭിക്കേണ്ടവര്‍ വീണ്ടും കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയുടെ 9/4/2018ലെ ഇടക്കാല വിധിയില്‍ സര്‍ക്കാരിന് 4 മാസം പ്രമോഷന്‍ ലിസ്റ്റ് ഉണ്ടാക്കി നടപ്പിലാക്കാന്‍ സാവകാശം അനുവദിച്ചു കിട്ടി.

ഉത്തരമൊരു സാഹചര്യത്തിലാണ് 7/11/2017ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞ പ്രകാരവും, എജിയുടെ ഉപദേശമനുസരിച്ചും, സുപ്രീം കോടതി നല്‍കിയ വിധിയുടെ അടിസ്ഥാനത്തിലും, 2008 മുതല്‍ നടത്തിയിരുന്ന എല്ലാ പ്രൊമോഷണനുകളും സെലക്ഷനുകളും തരംതാഴ്ത്തലുകളും പുനഃപരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി, KS&SSR ലെ 31 (എ) വകുപ്പ് പ്രകാരം 2018-ല്‍ പ്രൊമോഷന്‍ പട്ടിക ഉള്‍പ്പെടുത്തിയുള്ള ഉത്തരവുകള്‍ ഇറക്കിയത്.

എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ പ്രമോഷന്‍ സംബന്ധമായ ഹൈക്കോടതി വിധികള്‍, ബഹു. സുപ്രീംകോടതി അസാധുവാക്കുകയും, സ്‌പെഷ്യല്‍ റൂളിലെ 6 (എ) (1) വകുപ്പ്, 5/3/2010 വരെയും, 6(എ) (2) വകുപ്പ് പൂര്‍ണമായും നിലനിര്‍ത്തുകയും ചെയ്ത പരമോന്നത നീതിപീഠത്തിന്റെ വിധി വന്ന സാഹചര്യത്തിലാണ്, ഗവ: എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ പ്രമോഷന്‍ ഉത്തരവുകള്‍ ഇറക്കിയത്. ഇതു പ്രകാരം 2009 മുതല്‍ തരംതാഴ്ത്തപ്പെട്ട അദ്ധ്യാപകരുടെ റിവേര്‍ഷന്‍ റദ്ദ് ചെയ്യുകയും അവര്‍ക്ക് മുന്‍പ് നല്‍കിയ പ്രൊമോഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇപ്രകാരം പുനഃസ്ഥാപിച്ചപ്പോള്‍, തരംതാഴ്ത്തല്‍ മൂലമുണ്ടായ തസ്തികകളില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രൊമോഷനുകള്‍ സ്വാഭാവികമായും റദ്ദു ചെയ്യപ്പെട്ടു.

ആ കൂട്ടത്തിലാണ് ഡോ. ബീനയ്ക്ക് കിട്ടിയ പ്രൊമോഷനും നഷ്ടമായത്. ഒരു കെജിഒഎയുടെ പ്രവര്‍ത്തകയെ അവര്‍ ഇടതുപക്ഷക്കാരിയായിട്ടും നിയമവിരുദ്ധമായി ഞാന്‍ സഹായിച്ചില്ല എന്ന 'മഹാപരാധ'മാണ് എന്റെ മേല്‍ പ്രമോദ് രാമന്‍ ആരോപിക്കുന്നത്. വ്യക്തികളെ നോക്കിയല്ല മറിച്ച് കോടതി ഉത്തരവുകളും, അന്ന് നിലവിലുള്ള നിയമങ്ങളും അനുസരിച്ചാണ് സിസ തോമസ് ഉള്‍പ്പടെ ഒട്ടനവധി അദ്ധ്യാപകര്‍ക്ക് പ്രൊമോഷനുകള്‍ നല്‍കിയത്. റാങ്ക് ലിസ്റ്റില്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ ജോയിന്റ് ഡയറക്ടറായി നിയമിക്കപ്പെടാനുള്ള സീനിയോറിറ്റി സിസ തോമസിനാണ് ഉണ്ടായിരുന്നത്. ഡോ: സിസ തോമസിനെ ജോയിന്റ് ഡയറക്ടറായി റാങ്ക് ലിസ്റ്റ് പ്രകാരം പ്രമോഷന്‍ നല്‍കിയപ്പോള്‍ അവരുടെ രാഷ്ട്രീയം മന്ത്രി എന്ന നിലയില്‍ ഞാന്‍ പരിശോധിച്ചിട്ടില്ല. ന്യായമായും നടക്കേണ്ടതാണ് നടത്തിയത്. സുപ്രീംകോടതി വിധി അനുസരിച്ച് ഡോ. ബീനയെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്നതിന് പകരം അവരുടെ കെജിഒഎ അംഗതവും ഇടതുപക്ഷ ആഭിമുഖ്യവും പരിഗണിച്ച് എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ നിരവധി അദ്ധ്യാപകരുടെ പ്രമോഷനുകള്‍ അട്ടിമറിക്കപ്പെട്ടേനെ. അതൊരു തീരാങ്കളങ്കമായി മാറുകയും ചെയ്‌തേനെ. മാത്രമല്ല, സുപ്രീംകോടതി അലക്ഷ്യത്തിന്, ഞാന്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നു.

അപ്പോള്‍ പ്രമോദ് രാമനും മാധ്യമവും മീഡിയ വണ്ണും ഇതല്ല പറയുക. പ്ലേറ്റ് നേരെ മറിച്ചിട്ട്, സഖാവിന് വേണ്ടി നിയമം കാറ്റില്‍ പറത്തിയ 'ഭീകരനായ' മന്ത്രി എന്ന് എന്നെ മുദ്രകുത്താനാകും ഒരുമ്പെട്ടിറങ്ങുക. ജോയിന്റ് ഡയറക്ടര്‍ തസ്തിക പ്രമോഷന്‍ പോസ്റ്റാണെന്ന കാര്യം മറച്ചുവെച്ചാണ് സിസ തോമസിനെ ഡോ. ബീനയെ മാറ്റി തല്‍സ്ഥാനത്ത് നിയമിച്ചു എന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ തെറ്റായി പെരുമ്പറ കൊട്ടിയത്. സിസ തോമസിനെ അവിടെ നിന്നാണ് ചാന്‍സലറായ ഗവര്‍ണര്‍ കാലടി സര്‍വകലാശാലയുടെ വിസിയാക്കിയത്. അതിന് ഞാനാണ് കാരണക്കാരന്‍ എന്നും രാമന്‍ തട്ടിവിടുന്നുണ്ട്.

മീഡിയ വണ്ണിന് എന്നോടുള്ള 'കുശുമ്പ്' തീര്‍ക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ദാവൂദ് പറഞ്ഞാല്‍ ഏശില്ലാ എന്നതു കൊണ്ടാണോ പ്രമോദ് രാമനെ ഈ അസത്യം പറയാന്‍ ഏല്‍പ്പിച്ചത്? ലീഗ് പയറ്റുന്ന അതേ തന്ത്രം! എ പി ഉണ്ണികൃഷ്ണന്റെ മകള്‍ സ്മിജയെ കൊണ്ട് എനിക്ക് മറുപടി പറയിപ്പിച്ച പോലെ? അതുകൊണ്ടൊന്നും ലീഗിന്റെയോ മീഡിയ വണ്ണിന്റെയോ ''വെള്ളപ്പാണ്ട്' മാറില്ല. മിസ്റ്റര്‍, പ്രമോദ് രാമന്‍, താങ്കള്‍ക്കും മീഡിയ വണ്ണിനും മാധ്യമത്തിനും മറുപടി പറയാന്‍ എനിക്ക് ഭരണമോ, നിയമസഭാംഗത്വമോ, യൂണിവേഴ്‌സിറ്റികളുടെ പ്രോ-ചാന്‍സലര്‍ പദവിയോ ഒന്നും വേണ്ട. കെ ടി ജലീലെന്ന വ്യക്തിയുടെ നാവും പേനയും മാത്രം മതി.

Content Highlights- KT Jaleel has responded to Pramod Raman regarding the appointment of Ciza Thomas at Kalady. Jaleel alleged that the Joint Director position was a promotion post and that this information was concealed. He also claimed that the Governor was responsible for bringing C S Thomas to Kalady.

dot image
To advertise here,contact us
dot image