'ഷാജിച്ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാനെന്ന സംവിധായകനില്ല…'; വൈകാരിക കുറിപ്പുമായി വൈശാഖ്

ഷാജികുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ താനെന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് വൈശാഖ് പറയുന്നത്

'ഷാജിച്ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാനെന്ന സംവിധായകനില്ല…'; വൈകാരിക കുറിപ്പുമായി വൈശാഖ്
dot image

ഛായാഗ്രാഹകന്‍ ഷാജികുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ വൈശാഖ്. ഷാജികുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ താനെന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് വൈശാഖ് പറയുന്നത്. വൈശാഖ് ഒരുക്കിയ പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലു സിങ്, പുലിമുരുകന്‍, മധുരരാജ, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജികുമാര്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഷാജിച്ചേട്ടാ…നിങ്ങളെക്കുറിച്ച് ഈ വാക്കുകള്‍ എഴുതേണ്ടി വരുന്നുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. സത്യത്തില്‍, നിങ്ങളെ പോലൊരാളെ നഷ്ടമാകുന്നതിന്റെ വേദന പങ്കുവെക്കാന്‍ ഒരു വാക്കുകളും മതിയാകില്ല. ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് കാണുന്ന ഈ സംവിധായകൻ ആകില്ലായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാള്‍ മാത്രമായിരുന്നില്ല നിങ്ങളെനിക്ക്. അതിലും ഒരുപാടായിരുന്നു നിങ്ങള്‍. നിങ്ങള്‍ എന്റെ സഹോദരനായിരുന്നു, എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. നിരന്തരമായ പിന്തുണയും. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തിട്ടുള്ളതൊക്കെ ഞാന്‍ എന്നും കടപ്പെട്ടിരിക്കും ചേട്ടാ'.

'ഇത്ര വേഗം നിങ്ങളോട് യാത്ര പറയേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാന്‍ ഇനിയും ഒരുപാടുണ്ടായിരുന്നു. അരികില്‍ നിങ്ങളില്ലാതെ സിനിമയിലൂടെയുള്ള എന്റെ യാത്രയെക്കുറിച്ച് ചിന്തിക്കാനാകുന്നേയില്ല. എന്റെ ഒരു ഭാഗം എന്നും നിങ്ങളെ മിസ് ചെയ്യും. നിങ്ങളെ വീണ്ടും കാണാനോ കേള്‍ക്കാനോ എനിക്കിനി സാധിക്കില്ല. പക്ഷെ നമ്മള്‍ ഒരുമിച്ചുണ്ടാക്കിയ ഓര്‍മകള്‍ ജീവിതകാലം മുഴുവന്‍ എനിക്കൊപ്പമുണ്ടാകും. നിങ്ങള്‍ എന്നും എന്റെ കഥയുടെ ഭാഗമായിരിക്കും ചേട്ടാ. ഇതൊരു യാത്ര പറച്ചിലല്ല സഹോദരാ, നിങ്ങള്‍ എന്നും എന്റെ ഹൃദയത്തില്‍ ജീവിച്ചിരിക്കും. വാക്കുകള്‍ക്ക് വിവരിക്കാന്‍ പറ്റുന്നതിലപ്പുറം നിങ്ങളെ മിസ് ചെയ്യുന്നു ഷാജിച്ചേട്ടാ', വൈശാഖ് കുറിച്ചു.

Content Highlights: Director Vysakh Remembers cinematograher shaji kumar

dot image
To advertise here,contact us
dot image