പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് പകരം ബദൽ മാർ​ഗങ്ങൾ; പൊതുജനങ്ങളുടെ അഭിപ്രായം തേടി ഒമാൻ

സർവേയിൽ പരമാവധി ആളുകൾ പങ്കാളികളാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് പകരം ബദൽ മാർ​ഗങ്ങൾ; പൊതുജനങ്ങളുടെ അഭിപ്രായം തേടി ഒമാൻ
dot image

കുപ്പിവെള്ളത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദമായ ബദൽ മാർഗങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഒമാനിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സർവേയ്ക്കാണ് അധികൃതർ തുടക്കം കുറിച്ചിരിക്കുന്നത്.

ബദൽ സംവിധാനങ്ങളിലേക്ക് മാറുന്നതിനോടുള്ള പൊതുജനങ്ങളുടെ നിലപാട് മനസ്സിലാക്കുക, ഇതിനായി സ്വീകരിക്കാവുന്ന അനുയോജ്യമായ മാർഗങ്ങൾ തിരിച്ചറിയുക, പുതിയ മാറ്റങ്ങൾ നടപ്പിലാക്കുമ്പോൾ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ വിലയിരുത്തുക എന്നിവയാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്.

പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന മെറ്റീരിയലുകളുടെ വിശദാംശങ്ങൾ കൃത്യമായി പഠിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുജനങ്ങളിൽ നിന്നുള്ള ഈ പ്രതികരണങ്ങൾ ഏറെ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും പഠന ആവശ്യങ്ങൾക്കായി മാത്രമായിരിക്കും ഇവ ഉപയോഗിക്കുകയെന്നും കേന്ദ്രം ഉറപ്പുനൽകുന്നു.

സുസ്ഥിരവും സുരക്ഷിതവുമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ സർവേയിൽ പൊതുജനങ്ങൾക്ക് ഔദ്യോഗിക ലിങ്ക് വഴി പങ്കെടുക്കാവുന്നതാണ്. സർവേയിൽ പരമാവധി ആളുകൾ പങ്കാളികളാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Oman has invited the public to share their views on alternatives to plastic bottled water and sustainable options

dot image
To advertise here,contact us
dot image