കടുത്ത വേനൽച്ചൂട്; ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ കൊച്ചുകുട്ടികളുടെ പഠനം ഓൺലൈനിലേക്ക് മാറ്റി

അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ നയിക്കുന്നതിനായി സ്‌കൂളുകളിൽ തന്നെ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്

കടുത്ത വേനൽച്ചൂട്; ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ കൊച്ചുകുട്ടികളുടെ പഠനം ഓൺലൈനിലേക്ക് മാറ്റി
dot image

ഒമാനിൽ കടുത്ത വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിലെ കൊച്ചുകുട്ടികൾക്കായി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. കിന്റർഗാർട്ടൻ (കെ.ജി) മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഓഗസ്റ്റ് രണ്ട് മുതൽ ഒരു ആഴ്ചത്തേക്ക് ഓൺലൈൻ പഠനം ഏർപ്പെടുത്താൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ഉത്തരവിട്ടത്.

അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ നയിക്കുന്നതിനായി സ്‌കൂളുകളിൽ തന്നെ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അക്കാദമിക് പ്രവർത്തനങ്ങളുടെ തടസ്സമില്ലാത്ത തുടർച്ച ഉറപ്പാക്കാൻ സ്‌കൂൾ പരിസരത്ത് ഇരുന്നുതന്നെ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യണമെന്ന് ഭരണസമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയർന്നതോടെയാണ് ഈ മുൻകരുതൽ നടപടി. കടുത്ത ചൂടിൽ സ്‌കൂളുകളിലേക്കും തിരിച്ചുമുള്ള യാത്ര കൊച്ചുകുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

അവധിക്കാലത്തിന് ശേഷം കടുത്ത ചൂടിൽ സ്‌കൂളുകൾ തുറക്കുന്നതിനെതിരെ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിക്കുകയും കുട്ടികൾക്കായി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ ബോർഡിനെ സമീപിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 6 വരെയാണ് നിലവിലെ ക്രമീകരണം. തുടർ നിർദ്ദേശങ്ങൾ ഒന്നുമില്ലെങ്കിൽ ഓഗസ്റ്റ് 6-ന് ശേഷം സ്‌കൂളുകളിൽ നേരിട്ടുള്ള സാധാരണ ക്ലാസുകൾ പുനരാരംഭിക്കും.

Content Highlights: Due to severe summer heat conditions in Oman, Indian schools have shifted the learning mode for younger students to online classes. The decision was taken as a precaution to ensure children's safety during extreme temperatures.

dot image
To advertise here,contact us
dot image