നവീന ശിലായുഗ അപൂർവ്വ ഗോപുര നിർമ്മിതി ഒമാനിൽ കണ്ടെത്തി; 6,000 വർഷത്തോളം പഴക്കമുണ്ടെന്ന് വിലയിരുത്തൽ

നിർമ്മിതി സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കളിമൺ പാത്രങ്ങളും കൽപ്പാത്രങ്ങളും ബിസിഇ 3000-ത്തിനും 4,000ത്തിനും ഇടയിലുള്ളതാണെന്ന് കരുതപ്പെടുന്നു

നവീന ശിലായുഗ അപൂർവ്വ ഗോപുര നിർമ്മിതി ഒമാനിൽ കണ്ടെത്തി; 6,000 വർഷത്തോളം പഴക്കമുണ്ടെന്ന് വിലയിരുത്തൽ
dot image

ഒമാനിലെ ദോഫാർ തീരത്ത് നവീന ശിലായുഗ കാലഘട്ടത്തിലെ അപൂർവ്വമായ പഴക്കമുള്ള ഗോപുര നിർമ്മിതി കണ്ടെത്തി പുരാവസ്തു ഗവേഷകർ. നിർമ്മിതിക്ക് ഏകദേശം 6000 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. 4,000 ബിസിഇ-ൽ (Before Common Era) തന്നെ പുരാതന ഒമാനും മെസൊപ്പൊട്ടേമിയയും തമ്മിൽ ശക്തമായ വ്യാപാരബന്ധങ്ങൾ നിലനിന്നിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പുതിയ കണ്ടെത്തൽ. ദോഫാറിലെ ഖോർ ഖർഫൂട്ട് മേഖലയിൽ നടത്തിയ ഖനനത്തിലാണ് ചരിത്ര പ്രാധാന്യമുള്ള ഈ പ്രദേശം കണ്ടെത്തിയത്.

അമേരിക്കയിലെ ഇൻഡ്യാന ആർക്കിയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2014 മുതൽ ഇവിടെ ഗവേഷണം നടന്നുവരികയാണ്. 2023-24 കാലഘട്ടത്തിൽ നടന്ന ഖനനത്തിലാണ് നിർമ്മിതിയുടെ വടക്കുഭാഗത്തെ പടവുകളും ചുവരുകളും വ്യക്തമായി പുറത്തുവന്നത്. ചുണ്ണാമ്പുകല്ലുകൾ കളിമണ്ണും ചെറിയ കല്ലുകളും ഉപയോഗിച്ച് അടുക്കിവെച്ചാണ് ​ഗോപുരം നിർമ്മിച്ചിരിക്കുന്നത്. കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ ഘടന, അക്കാലത്തെ ആചാരാനുഷ്ഠാനങ്ങൾക്കോ അല്ലെങ്കിൽ ഭരണപരമായ ആവശ്യങ്ങൾക്കോ ഉപയോഗിച്ചിരുന്നതാവാം എന്നാണ് ഗവേഷകരുടെ നിഗമനം.

നിർമ്മിതി സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കളിമൺ പാത്രങ്ങളും കൽപ്പാത്രങ്ങളും ബിസിഇ 3000-ത്തിനും 4,000ത്തിനും ഇടയിലുള്ളതാണെന്ന് കരുതപ്പെടുന്നു. ഇതിൽ പലതിനും മെസൊപ്പൊട്ടേമിയയിലെ കൽപ്പാത്രങ്ങളുമായി ഏറെ സാദൃശ്യമുണ്ട്. പ്രദേശത്തുനിന്ന് ലഭിച്ച ചുവപ്പും തവിട്ടും നിറത്തിലുള്ള കളിമൺ പാത്രങ്ങളിലെ അലങ്കാരപ്പണികൾ തെക്കൻ അറേബ്യയിലെയും മെസൊപ്പൊട്ടേമിയയിലെയും പരമ്പരാഗത ശൈലികളെ ഓർമ്മിപ്പിക്കുന്നതാണ്. ഇത് ഇവിടെ നിലനിന്നിരുന്ന സജീവമായ പ്രാദേശിക-അന്തർദേശീയ വ്യാപാര ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

ദോഫാറിലെ മലനിരകളിൽ ഉത്പ്പാദിപ്പിച്ചിരുന്ന സുഗന്ധദ്രവ്യങ്ങളും മറ്റും കടൽമാർഗ്ഗം മെസൊപ്പൊട്ടേമിയ അടക്കമുള്ള പ്രദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു ഖോർ ഖർഫൂട്ട് എന്ന് പഠനങ്ങൾ പറയുന്നു. ശുദ്ധജല സ്രോതസ്സുകളും സുരക്ഷിതമായ തുറമുഖ സൗകര്യവും ഉള്ളതിനാൽ, നൂറ്റാണ്ടുകളോളം കപ്പൽ യാത്രക്കാർക്കും കച്ചവടക്കാർക്കും ഇടത്താവളമായി ഈ പ്രദേശം പ്രവർത്തിച്ചിരുന്നു. ഒമാൻ പുരാവസ്തു റിസർച്ച് ബുള്ളറ്റിനായ 'അഥാറി'ൽ (Athar) ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ കാലപ്പഴക്കം കൂടുതൽ കൃത്യമായി നിർണ്ണയിക്കുന്നതിനായി റേഡിയോ കാർബൺ ഡേറ്റിംഗ് അടക്കമുള്ള ഉപരിപഠനങ്ങൾ നടത്താനൊരുങ്ങുകയാണ് ഗവേഷണ സംഘം.

Content Highlights: A rare Neolithic-era tower structure has been discovered in Oman. Experts estimate the archaeological find to be around 6,000 years old, making it a significant discovery that could enhance understanding of the region's prehistoric civilization.

dot image
To advertise here,contact us
dot image