

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതിന് പിന്നാലെ കേസ് ചുമത്തപ്പെട്ട പെണ്‍കുട്ടി. ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ മോദിക്കെതിരെ പരാമര്‍ശം നടത്തിയെന്ന പേരിലാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്. ഇത് തന്റെ ആദ്യത്തേതും അവസാനത്തേതുമായ തെറ്റാണെന്ന് പെണ്‍കുട്ടി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
സിജെപി പ്രതിഷേധത്തിനിടെ പലരും പ്രധാനമന്ത്രിയെ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും അതില്‍ പ്രേരണയുണ്ടായാണ് താനും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. തനിക്ക് 15 വയസ് മാത്രമേ പ്രായമുള്ളൂവെന്ന് പെണ്‍കുട്ടി പറഞ്ഞു. രാജ്യത്തോട് താന്‍ മാപ്പ് പറയുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നോയ്ഡ പൊലീസാണ് കുട്ടിക്കെതിരെ കേസെടുത്തത്. എന്നാല്‍ അവരുടെ എഫ്‌ഐആറില്‍ പെണ്‍കുട്ടി 1994ല്‍ ജനിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഈ കേസ് പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പ്രായം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം തനിക്കെതിരെ മോശം പരാമര്‍ശം പ്രയോഗിച്ചവര്‍ക്കെതിരെ മാപ്പ് നല്‍കുന്നുവെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
'ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. കുട്ടികളെ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. ചീത്ത വിളിച്ചു. തെറ്റായ വഴിയില്‍ സഞ്ചരിക്കാതെ വിദ്യാര്‍ത്ഥികളെ നേര്‍വഴിയില്‍ നടത്താം. കുട്ടികളെ നേരെയാക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകാം', എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെയും രംഗത്തെത്തിയിരുന്നു. റീലില്‍ മാത്രമാണോ മാപ്പ് നല്‍കുന്നതെന്നും കേസുകള്‍ പിന്‍വലിക്കുമോയെന്നും ദീപ്‌കെ ചോദിച്ചിരുന്നു.
Content Highlights: A girl who was booked after making remarks against Prime Minister Narendra Modi has apologised to him