

ഒമാനിൽ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നതിനാൽ, എൽപിജി സിലിണ്ടറുകൾ കൈകാര്യം ചെയ്യുമ്പോൾ താമസക്കാരും ബിസിനസ് ഉടമകളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിർദ്ദേശം. അശ്രദ്ധയോടെയുള്ള സിലിണ്ടറുകളുടെ ഉപയോഗം വിനാശകരമായ തീപിടുത്തങ്ങൾക്കും സ്ഫോടനങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.
ചോർച്ചകളുള്ള സിലിണ്ടറുകൾ, പഴക്കം ചെന്നവ, സുരക്ഷിതമല്ലാത്ത ഉപയോഗ രീതികൾ തുടങ്ങിയതിന്റെയൊക്ക പ്രത്യാഘാതമായി ഒമാനിൽ സമീപ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള ദുരന്തങ്ങളെ മുൻനിർത്തി ഇക്കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദിവസങ്ങൾക്കു മുമ്പ് അൽ അമറാത്തിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് രണ്ട് പേർക്ക് ഗുരുതരമായ പൊള്ളലേറ്റിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ തത്ഫലമായുണ്ടായ ഇടപെടലിനെ തുടർന്ന് തീപിടുത്തം വേഗത്തിൽ നിയന്ത്രണവിധേയമാക്കുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ വാതക ചോർച്ച നിയന്ത്രണാധിതമായ ദുരന്തങ്ങളിലേക്ക് നയിച്ചേക്കുമെന്ന് അധികൃതർ മുന്നറിയിപ്പിൽ പറഞ്ഞു. രാജ്യവ്യാപകമായി വർദ്ധിച്ചുവരുന്ന തീപിടുത്ത സ്ഥിതിവിവരക്കണക്കുകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻറെ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം 1,530 വീടുകൾക്ക് സിലിണ്ടറുകളുടെ ദുരുപയോഗം മൂലം തീപിടിച്ചതായി റിപ്പോർട്ട് ചെയ്തു.
കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഗ്യാസ് സിലിണ്ടറുകൾ നിർമ്മിക്കുന്നത്. എങ്കിലും സിലിണ്ടറുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോഴോ, വായുസഞ്ചാരം കുറവുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുമ്പോഴോ, കേടായ ഹോസുകളുമായും റെഗുലേറ്ററുകളുമായും ബന്ധിപ്പിക്കുമ്പോഴോ അപകട സാധ്യത വർദ്ധിക്കുമെന്ന് സുരക്ഷാ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
Content Highlights: