

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനൊരുങ്ങി സിപിഐഎം. ജൂണ്‍ 15-ന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. സുഗതന്‍ രാജിവയ്ക്കുംവരെ പ്രതിഷേധിക്കാനാണ് നീക്കം. നഗരത്തില്‍ ഗുണ്ടകളെ ഉപയോഗിച്ച് അക്രമം നടത്തുന്ന സമീപനമാണ് ബിജെപിയ്‌ക്കെന്നും മേയറും മറ്റ് കൗണ്‍സിലര്‍മാരും സുഗതനെ സംരക്ഷിക്കുകയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. 'നാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് ബിജെപിക്ക്. നഗരത്തിലെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ് ഇന്നലത്തെ സംഭവം. ഒരു പ്രതിയെ പിടിക്കാന്‍ പൊലീസിന് ഈ അടുത്തൊന്നും വെടിയുതിര്‍ക്കേണ്ടി വന്നിട്ടില്ല. പക്ഷെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അനുവദിക്കാതെ വന്നതോടെയാണ് പൊലീസിന് അത് ചെയ്യേണ്ടി വന്നത്. സുഗതന്‍ നിരവധി കേസുകളിലെ പ്രതിയാണ്. കൗണ്‍സിലര്‍ എന്ന നിലയില്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നയാളാണ്. ജനങ്ങളെ വെല്ലുവിളിക്കുന്ന, പേടിപ്പിക്കുന്ന സമീപനമാണ്. മേയറും മറ്റ് കൗണ്‍സിലര്‍മാരും ഇയാളെ സംരക്ഷിക്കുകയാണ്': വി ജോയ് പറഞ്ഞു.
സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ മേയറും ബിജെപി സിറ്റി ജില്ലാ അധ്യക്ഷനും തന്റെ പേര് വലിച്ചിഴച്ചെന്ന് മുന്‍ മേയര്‍ വി കെ പ്രശാന്ത് ആരോപിച്ചു. പ്രതിയെ സംരക്ഷിക്കുന്ന മേയര്‍ ആ സമീപനം പുനഃപരിശോധിക്കണമെന്നും ഗുണ്ടാ പ്രവര്‍ത്തനം നടത്തിയതിന്റെ ഭാഗമായാണ് സുഗതനെതിരെ കേസുകളുളളതെന്നും വി കെ പ്രശാന്ത് പറഞ്ഞു. മേയര്‍ പ്രതിക്ക് സംരക്ഷണം നല്‍കുന്നത് ലജ്ജാവഹമാണ്. കൗണ്‍സിലില്‍ നിന്നും ഇയാളെ നീക്കം ചെയ്യാന്‍ തയ്യാറാവണം. കാപ്പ കേസ് പ്രതിയെ പിടിക്കാനാണ് പൊലീസ് ചെന്നത്. സമ്മതിക്കാതെ വന്നതോടെയാണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നത്. മുന്‍ എംഎംഎ എന്ന നിലയില്‍ എന്നെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല': വി കെ പ്രശാന്ത് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതന്‍ സമൂഹത്തിന് ഭീഷണിയാണ് എന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. സുഗതനെതിരെ എട്ട് വര്‍ഷത്തിനിടെ 7 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്. 2012 മുതല്‍ ഗുരുതര കേസുകളില്‍ പ്രതിയാണ് സുഗതന്‍. 2014 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഗതനെതിരെ 2023ല്‍ നിയന്ത്രണ ഉത്തരവ് അടക്കമുളളവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താക്കീതിന് ശേഷവും കുറ്റകൃത്യം തുടര്‍ന്നതായും കാപ്പ ഉത്തരവില്‍ പറയുന്നു.
വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ ഇന്നലെ രാത്രി നാടകീയ രംഗങ്ങൾക്കൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികള്‍ വളയുകയായിരുന്നു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സുഗതന്റെ അനുയായികളുടെ ആക്രമണത്തില്‍ വട്ടിയൂര്‍ക്കാവ് സി ഐ വിപിന്‍, എസ്‌ഐ അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. താൻ ഒളിവിലായിരുന്നില്ല എന്നും ചിക്കൻ പോക്സ് ആയതിനാൽ വിശ്രമത്തിലായിരുന്നു എന്നുമാണ് സുഗതന്റെ വാദം. സുഗതനെതിരെ പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: CPIM to protest demanding BJP Councillor R Sugathan's resignation