

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനസ്ഥാപിക്കാൻ ഒമാനും ഇറാനും തമ്മിൽ ധാരണ. കപ്പൽ സർവീസുകൾ 90 ശതമാനത്തോളം കുറഞ്ഞത് അന്താരാഷ്ട്ര തലത്തിൽ വൻ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം പകർന്ന് ജലപാത വീണ്ടും തുറക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 90 ശതമാനം കുറഞ്ഞിരുന്നു. കപ്പൽ വിലക്ക് ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും കടുത്ത രീതിയിൽ ബാധിച്ചു. ഇതേത്തുടർന്നാണ് ഹോർമുസ് കടലിടുക്കിലെ സർവീസുകൾ പുനസ്ഥാപിക്കാൻ ഒമാനും ഇറാനും ധാരണയായത്.
ജലപാതയിലൂടെയുള്ള പുതിയ ട്രാൻസിറ്റ് ഫീസും സുരക്ഷാ മാനദണ്ഡങ്ങളും ഇരുരാജ്യങ്ങളും ഉടൻ നിശ്ചയിക്കും. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ഇറാന്റെ നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി. കപ്പലുകളുടെ സുരക്ഷയും രക്ഷാപ്രവർത്തനവും മുൻനിർത്തിയാണ് പുതിയ ഫീസ് ഘടന രൂപീകരിക്കുന്നത്. നാവിഗേഷൻ പിന്തുണ അടക്കമുള്ള സേവനങ്ങൾ ഉറപ്പാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായി.
ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി ഒമാൻ ഇക്കാര്യത്തിൽ കൂടിയാലോചന നടത്തും. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുക.കടലിടുക്ക് പൂർണ്ണതോതിൽ തുറക്കുന്നതോടെ ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണം പഴയപടിയാകും. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഇന്ധന പ്രതിസന്ധിക്ക് വലിയ അയവ് വരുത്തും.
Content Highlights: Oman and Iran have reached an understanding to restore shipping activities through the Strait of Hormuz. The move is expected to improve maritime security and stabilize trade routes in the Gulf region.