പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു; മുന്നറിയിപ്പുമായി ഒമാൻ

ഇനിയുള്ള ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി രേഖകൾ ശരിയാക്കണം എന്നും മന്ത്രാലയം വാർത്ത കുറിപ്പിൽ പറഞ്ഞു

പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു; മുന്നറിയിപ്പുമായി ഒമാൻ
dot image

ഒമാനിലെ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനും പിഴകളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും തൊഴിലുടമകള്‍ക്കും വ്യക്തികള്‍ക്കും അനുവദിച്ച ഗ്രേസ് പിരീഡ് ഈ മാസം അവസാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സമയപരിധിക്ക് ശേഷം ഒരു അഭ്യര്‍ത്ഥനയും സ്വീകരിക്കില്ല എന്നും ഇനിയുള്ള ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി രേഖകൾ ശരിയാക്കണം എന്നും മന്ത്രാലയം വാർത്ത കുറിപ്പിൽ പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഡിസംബര്‍ 31 വരെ ആണ് സമയം അനുവദിച്ചിരുന്നത് ഏഴ് വര്‍ഷത്തിലധികം കാലഹരണപ്പെട്ട എല്ലാ ലോബര്‍ കാര്‍ഡ് പിഴകളും റദ്ദാക്കലും 2017ലോ അതിനുമുമ്പോ രേഖപ്പെടുത്തിയ കേസുകള്‍ക്ക്, തൊഴില്‍ മന്ത്രാലയത്തിന് നല്‍കേണ്ട സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കലും ഇതില്‍ ഉള്‍പ്പെടുന്നു.

ആദ്യം ജൂലൈ 31ന് അവസാനിക്കാനിരുന്ന ഇളവുകള്‍ ഡിസംബര്‍ 31 വരെയായി നീട്ടി നല്‍കുകയായിരുന്നു. രേഖകളുമായി ബന്ധപ്പെട്ട നടപടികൾ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം തേടി വ്യക്തികളും തൊഴിലുടമകളും തൊഴിലാളികളും മന്ത്രാലയത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്.

വര്‍ക്ക് പെര്‍മിറ്റ് (വിസ) കാലാവധി കഴിഞ്ഞും ഒമാനില്‍ തുടരുന്ന പ്രവാസികള്‍ക്ക് പിഴകളില്ലാതെ കരാര്‍ പുതുക്കുന്നതിനുള്ള ഗ്രേസ് പിരീഡ് സംബന്ധിച്ച് റോയല്‍ ഒമാന്‍ പൊലീസും വ്യക്തതവരുത്തിയിരുന്നു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടുന്നതിനും തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തില്‍ ജോലി ചെയ്യാനും മന്ത്രാലയം അനുവദിച്ച അധിക സമയം ഇനിയും ഉപയോഗപ്പെടുത്താവുന്നതാണ്.

അധികമായി അനുവദിച്ച സമയത്തിനുള്ളില്‍ രേഖകള്‍ ശരിയാക്കുന്നവർക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാനും കഴിയും. കൂടാതെ, 2017 ലും അതിനു മുമ്പും രജിസ്റ്റര്‍ ചെയ്ത കുടിശ്ശികകള്‍ അടക്കുന്നതില്‍ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയിട്ടുമുണ്ട്. 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലേബര്‍ കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ കാലളവില്‍ കാര്‍ഡ് ഉടമകള്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്.

ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങള്‍ മറ്റ് കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍, അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ മാസങ്ങളായി തുടരുന്ന ഈ ഇളവിൽ ഇതിനകം നിരവധി പേർ രേഖകൾ പുതുക്കിയതായും മന്ത്രാലയം അറിയിച്ചു.

Content Highlights: Oman has confirmed that the grace period will ends in this month

dot image
To advertise here,contact us
dot image