പ്രവാസികൾക്ക് ആശ്വാസം; ഊര്‍ജ, ധാതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലൈസന്‍സ് നേടുന്നതിന് സമയപരിധി നീട്ടി

അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം പരിശോധനയും ശക്തമാക്കും

പ്രവാസികൾക്ക് ആശ്വാസം; ഊര്‍ജ, ധാതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലൈസന്‍സ് നേടുന്നതിന് സമയപരിധി നീട്ടി
dot image

ഒമാനില്‍ ഊര്‍ജ, ധാതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സുകള്‍ സ്വന്തമാക്കുന്നതിനുള്ള സമയ പരിധി അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രഫഷനല്‍ ലൈസന്‍സ് സ്വന്തമാക്കാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതും പുതുക്കുന്നതും നിര്‍ത്തിവയ്ക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ ഊര്‍ജ, ധാതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പ്രൊഫഷനല്‍ ലൈസന്‍സ് നേടണമെന്ന ഉത്തരവ് നേരത്തെ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും അഭ്യര്‍ത്ഥന മാനിച്ച് പ്രൊഫഷണല്‍ ലൈസന്‍സുകള്‍ നേടാനുളള സമയപരിധി 2026 ജൂണ്‍ ഒന്ന് വരെ നീട്ടിനല്‍കിയിരിക്കുകയാണ് തൊഴില്‍ മന്ത്രാലയം.

ഊര്‍ജ, ധാതു മേഖലയിലെ സെക്ടര്‍ സ്‌കില്‍സ് യൂണിറ്റ് പ്രതിനിധീകരിക്കുന്ന ഒമാന്‍ എനര്‍ജി സൊസൈറ്റി വഴിയാണ് പ്രഫഷനല്‍ പ്രാക്ടീസ് ലൈസന്‍സ് നേടേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളില്‍ എല്ലാവരും ലൈസന്‍സ് സ്വന്തമാക്കണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. 2026 ജൂണ്‍ ഒന്ന് മുതല്‍, സെക്ടര്‍ സ്‌കില്‍സ് യൂണിറ്റ് നല്‍കുന്ന സാധുവായ പ്രൊഫഷണല്‍ ലൈസന്‍സ് ഇല്ലാത്ത തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം പരിശോധനയും ശക്തമാക്കും. മൊബൈല്‍ ക്രെയിന്‍ ഓപ്പറേറ്റര്‍, ടെലിസ്‌കോപ്പിക് ഹാന്‍ഡ്ലര്‍ ഓപ്പറേറ്റര്‍, ഫോര്‍ക്ക്ലിഫ്റ്റ് ഓപ്പറേറ്റര്‍, എക്സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍, എംഇഡബ്ല്യുപി ഓപ്പറേറ്റര്‍, ലോറി ലോഡര്‍, ഓവര്‍ഹെഡ് ക്രെയിന്‍ ഓപ്പറേറ്റര്‍, വെഹിക്കിള്‍ മാര്‍ഷലര്‍, തുടങ്ങി വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്. രാജ്യത്തെ തൊഴില്‍ പിപണി കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Content Highlights: Oman’s Labour Ministry grants grace period until June 2026 for new professional licenses

dot image
To advertise here,contact us
dot image