കുവൈത്തിൽ വൻമയക്കുമരുന്ന് ശേഖരം പിടികൂടി; രണ്ട് പ്രവാസികൾ അറസ്റ്റിൽ

ഏഴ് കിലോയിലധികം മയക്കുമരുന്നാണ് സുരക്ഷാ സേന പിടിച്ചെടുത്തത്

കുവൈത്തിൽ വൻമയക്കുമരുന്ന് ശേഖരം പിടികൂടി; രണ്ട് പ്രവാസികൾ അറസ്റ്റിൽ
dot image

കുവൈത്തില്‍ മയക്കു മരുന്ന് മാഫിയക്ക് എതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി സുരക്ഷാ സേന. രാജ്യത്ത് വിതരണം ചെയ്യാനായി എത്തിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മയക്കു മരുന്ന് വിതരണക്കാരായ രണ്ട് പ്രവാസികളെയും അറസ്റ്റ് ചെയ്തു.

കുവൈത്തില്‍ മയക്കുമരുന്ന് വ്യാപനം പൂര്‍ണമായും തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന ശേഖരം കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ ലഹരിമരുന്ന് കൈവശം വെച്ചിരിക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഏഴ് കിലോയിലധികം മയക്കുമരുന്നാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. ഇതില്‍ അഞ്ച് കിലോഗ്രാം ഹെറോയിനും രണ്ട് കിലോഗ്രാം മെത്താംഫെറ്റാമൈനും ഉള്‍പ്പെടുന്നു. കൂടാതെ മയക്കുമരുന്ന് തൂക്കാനും പാക്കേജ് ചെയ്യാനുമായി ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് സ്‌കെയിലുകളും കണ്ടെത്തി. മയക്കു മരുന്ന് വ്യാപാരത്തിന് നേതൃത്വം നല്‍കിയെ രണ്ട് പ്രവാസികളെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

രാജ്യത്തെ വിവിധ മേഖലകളില്‍ വിതരണം ചെയ്യുന്നതായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ലഹരിവിപത്ത് തടയുന്നതിന് ശക്തമായ നടപടികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുറ്റവാളികള്‍ എവിടെയായിരുന്നാലും അവരെ നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും രാജ്യത്തുടനീളം 24 മണിക്കൂറും നിരീക്ഷണവും സുരക്ഷാ നടപടികളും ശക്തമായി തുടരുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait Intensifies Drug Crackdown, Seizing Large Cache

dot image
To advertise here,contact us
dot image