
ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ-സാംസ്‌കാരിക സംഗമമായ 'ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍' വീണ്ടുമെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ക്കൊപ്പം ഒമാന്റെ തനത് കലകളും ഫെസറ്റിവലില്‍ അരങ്ങേറും.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന, ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് മസ്‌ക്കറ്റിലെ അല്‍ അമറാത്ത് പാര്‍ക്കാണ് വേദിയാകുന്നത്. ഈ മാസം 23, 24, 25 തീയ്യതികളിലാണ് വ്യത്യസ്തമാര്‍ന്ന കലാ സംസ്‌കാരിക സംഗമം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രവാസികളും സ്വദേശികളുമുള്‍പ്പടെ എഴുനൂറോളം കലാകാരന്മാര്‍ അണിനിരക്കും.
ഇന്ത്യയുടെ വൈവിധ്യത്തെയും കലാ സാംസ്‌കാരിക പാരമ്പര്യത്തെയും ഉള്‍കൊള്ളുന്ന സംഗമത്തില്‍ ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. കേരളത്തിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ 'കനല്‍' ടീം അവതരിപ്പിക്കുന്ന സംഗീത പരിപാടി ഇത്തവണത്തെ പ്രധാന ആകര്‍ഷണമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒമാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പ്രദര്‍ശന മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
ശാസ്ത്ര പ്രചാരകനായ രതീഷ് കൃഷ്ണ ശാസ്ത്രമേളയില്‍ മുഖ്യ അതിഥിയായെത്തുന്നത്. ലോകസമാധാനം മുന്‍നിര്‍ത്തി, 'മനുഷ്യത്വമുള്ളവരാകാം, സമാധാനം പുലരട്ടെ' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍. പരിപാടിയുടെ നടത്തിപ്പിനായി ലോകകേരള സഭാംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വില്‍സണ്‍ ജോര്‍ജ് ചെയര്‍മാനായ 60 അംഗ സംഘാടക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
Content Highlights: Indian Community Festival back this month