അപെക്സ് വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി ഒമാൻ എയർ, നേട്ടം തുടർച്ചയായ രണ്ടാം വർഷം

വ്യോമയാന മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായാണ് ഈ അവാർഡിനെ പരിഗണിക്കുന്നത്

അപെക്സ് വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി ഒമാൻ എയർ, നേട്ടം തുടർച്ചയായ രണ്ടാം വർഷം
dot image

തുടർച്ചയായ രണ്ടാം വർഷവും അപെക്സ് വേൾഡ് ക്ലാസ് അവാർഡ് സ്വന്തമാക്കി ഒമാൻ എയർ. യാത്രക്കാർക്ക് മാത്രമായുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര എയർ ലൈൻ സംഘടനയാണ് എയർ ലൈൻ പാസഞ്ചർ എക്സ്‌പീരിയൻസ് അസോസിയേഷൻ (അപെക്സ്). വ്യോമയാന മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായാണ് ഈ അവാർഡിനെ പരിഗണിക്കുന്നത്.

യാത്രക്കാരുടെ അനുഭവം, വിശാലത, സൗകര്യം, വ്യക്തിഗത ശ്രദ്ധ, നല്ല വിഭവങ്ങൾ, അവതരണം അടക്കമുള്ള നിരവധി ഘടകങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന അപെക്‌സ് ഗ്ലോബൽ എക്സ്പോയിൽ വെച്ച് ഒമാൻ എയറിന്റെ ഗസ്റ്റ് എക്സ്പീരിയൻസ്, ലോയൽറ്റി, ബ്രാൻഡ് വൈസ് പ്രസിഡന്റ്റ് റെനാറ്റ റാച്ചെഡ് അവാർഡ് സ്വീകരിച്ചു.

ഹൃദ്യമായ ഒമാനി ആതിഥേയത്വവും ഉന്നത നിലവാരത്തിലുള്ള സേവന മികവും സംയോജിപ്പിച്ചുള്ള യാത്ര ലഭ്യമാക്കുകയെന്ന തങ്ങളുടെ യജ്ഞത്തിന് കരുത്തേകുന്നതാണ് ഈ അംഗീകാരമെന്ന് അവാർഡ് സ്വീകരിച്ച് റാച്ചെഡ് പറഞ്ഞു. ടീമിലെ ഓരോരുത്തർക്കുമുള്ള അംഗീകാരമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

ബ്രാൻഡ് വിശ്വാസ്യത, ഇട പഴക്കം, ആതിഥേത്വ തീവ്രത, വ്യക്തിഗതമാക്കൽ, സൗകര്യം, കണക്ടിവിറ്റി, ഭക്ഷണ-പാനീയം, യാത്രയിലെ വിഭവ ങ്ങളുടെ വ്യത്യസ്തതയും രുചി വൈവിധ്യവും തുടങ്ങി 20 ഘടകങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയാണ് അപെക്സ് വേൾഡ് ക്ലാസ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ലോകത്തെ മുൻനിര അതിഥി അനുഭവ കൺസൾട്ടൻസി യാറ്റിസ് പ്ലസ് ആണ് വിലയിരുത്തൽ നടത്തുന്നത്. തുടർന്ന് വിദഗ്ധരും ഗവേണിംഗ് ബോഡിയും വിലയിരുത്തും. സേവന വൈവിധ്യവും ഉപഭോക്തൃ അനുഭവ മെച്ചപ്പെടുത്തലും ഒമാൻ എയർ നിരന്തരം നടത്തുന്നുണ്ട്. കഴിഞ്ഞ ജൂണിൽ, മിഡിൽ ഈസ്റ്റിലെ മികച്ച ഭക്ഷണ-പാനീയം, മികച്ച കാബിൻ സർവീസ് എന്നിവക്ക് ഒമാൻ എയറിന് അപെക്സ് 2025 അവാർഡ് ലഭിച്ചിരുന്നു.

Content Highlights: Oman Air wins APEX World Class award for second consecutive year

dot image
To advertise here,contact us
dot image