
തന്ത്രങ്ങൾ കുറച്ചു വ്യത്യസ്തമാക്കാൻ നോക്കുകയാണ് കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദികൾ. എത്ര ശ്രമിച്ചിട്ടും സുരക്ഷാസേനയുടെ കണ്ണുവെട്ടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജമ്മുകശ്മീരിലുള്ള തീവ്രവാദ സംഘടനകൾ ഇപ്പോൾ തിങ്ങിനിറഞ്ഞ വനങ്ങളിലും ഉയരമുള്ള വരമ്പുകളിലുമെല്ലാം ഭൂഗർഭ ബങ്കറുകൾ നിർമിച്ചാണ് ഇവർ ഒളിയിടങ്ങളാക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിലവിൽ പ്രദേശവാസികളുടെ വീടുകളിൽ അഭയം തേടുന്ന രീതി തീവ്രവാദികൾ ഉപേക്ഷിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പ്രാദേശിക പിന്തുണ കുറഞ്ഞ സാഹചര്യത്തിൽ തീവ്രവാദികൾ നടത്തിയ ഈ നീക്കം സൈന്യത്തിനും മറ്റ് സുരക്ഷാ സേനയ്ക്കും തലവേദന സൃഷ്ടിക്കുന്നതാണ്. കുൽഗാം ജില്ലയിലെ ചില ഉയർന്ന പ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളെ തുടർന്നാണ് ഈ പുതിയരീതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഈ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാസേന ഇത്തരം കിടങ്ങുകൾ കണ്ടെത്തുകയാണ് ഉണ്ടായത്.
ഇത്തരം ഒളിത്താവളങ്ങളിൽ ആവശ്യത്തിന് റേഷൻ, ചെറിയ ഗ്യാസ് സ്റ്റൗവുകൾ, പ്രഷർ കുക്കർ എന്നിവയ്‌ക്കൊപ്പം ആയുധക്കോപ്പുകളും സുരക്ഷാ സേന കണ്ടെത്തി. കുൽഗാമിലും ഷോപ്പിയാനിലുമാണ് ഇത്തരം രീതികൾ വലിയരീതിയിൽ തീവ്രവാദികൾ ആരംഭിച്ചിരിക്കുന്നത്. ഇവ കൂടാതെ ജമ്മുവിലെ പിർ പാഞ്ചാലിലെ വടക്കൻ പ്രദേശങ്ങളിലുള്ള കാടുകളും തീവ്രവാദികൾ മറഞ്ഞിരിക്കാൻ ആശ്രയിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള കുറയേറെ ഒളിത്താവളങ്ങള്‍ സുരക്ഷാസേന കണ്ടെത്തിയിട്ടുണ്ട്. അതിര്‍ത്തിക്ക് പുറത്ത് നിന്നും വിവരം ലഭിക്കുന്നത് അനുസരിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഉയരമുള്ള പ്രദേശങ്ങളിലെ ഇത്തരം ഒളിത്താവളങ്ങളില്‍ തന്നെ കഴിയാനാണ് തീവ്രവാദികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2016ൽ സർജിക്കൽ സ്‌ട്രൈക്കിന് നേതൃത്വം നൽകി റിട്ടയേഡ് ലഫ്.ജനറൽ ഡിഎസ് ഹൂഡ പറയുന്നത്, ഉയരമുള്ള സ്ഥലങ്ങളിലെ ഇത്തരം ബങ്കറുകൾ 1990കളിലും 2000ത്തിന്റെ തുടക്കത്തിലുമുള്ള തീവ്രവാദികളുടെ തന്ത്രങ്ങളെയും രീതികളെയും ഓർമിപ്പിക്കുന്ന തരത്തിലുള്ളതാണെന്നാണ്. എത്രപേരെ ഇല്ലാതാക്കിയെന്നതിലല്ല. ഇത്തരം ബങ്കുറുകളിൽ ഇവർ കഴിയാൻ ശീലിച്ചുകഴിഞ്ഞു എന്നതാണ് വെല്ലുവിളി ഉണ്ടാക്കുന്നത്. പുത്തൻ വെല്ലുവിളിയെ നേരിടാൻ വമ്പൻ തന്ത്രങ്ങൾ തന്നെ ഇന്ത്യൻ സേന സജ്ജമാക്കുമെന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
തീവ്രവാദികള്‍ക്ക് പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളിൽ നിന്നും ലഭിച്ചിരുന്ന എല്ലാ പിന്തുണയും ഇല്ലാതായി. ഇതോടെയാണ് ഈ രീതി തീവ്രവാദികൾ അവലംബിച്ചിരിക്കുന്നതെന്ന് മൂന്ന് പതിറ്റാണ്ടോളം ജമ്മു കശ്മീർ പൊലീസിൽ സേവനം അനുഷ്ഠിച്ചിരുന്ന പുതുച്ചേരി പൊലീസ് സേനയിലെ റിട്ട. ഡയറക്ടർ ജനറൽ ബി ശ്രീനിവാസ് പറയുന്നു. 2003ലെ ഓപ്പറേഷൻ സർപ്പ് വിനാശിൽ പൂഞ്ച് പ്രദേശത്തെ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യൻ സേന ലക്ഷ്യമിട്ടത് പോലെയൊരു നീക്കം ഇവിടെയും നടക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ വെല്ലുവിളി നേരിടാൻ, പുത്തൻ സാങ്കേതിക വിദ്യകൾ തന്നെ പ്രദേശങ്ങളിൽ സ്ഥാപിക്കാനുള്ള നടപടികൾക്കാണ് സേന മുൻഗണന നല്‍കുന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഘടിപ്പിച്ച ഡ്രോണുകളും സീസ്മിക്ക് സെൻസറുകളും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിന്യസിക്കും. എത്ര കഠിനമായ ഇടങ്ങളിലേക്കും ഡ്രോണുകൾക്ക് നിഷ്പ്രയാസം കടക്കാനാകും. മാത്രമല്ല സീസ്മിക്ക് സെൻസറുകൾക്ക് ഭൂമിക്കടിയിലെ ഘടനാപരമായ മാറ്റങ്ങൾ കൃത്യമായി അളക്കാനും കഴിയും. പുൽവാമ, കുൽഗാം, ഷോപ്പിയാൻ ഉൾപ്പെടെയുള്ള റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ഇത്തരം ബങ്കറുകൾ മുമ്പ് സ്ഥാപിക്കപ്പെട്ടിരുന്നു.
Content Highlights: Terrorist new tactics to hide in Jammu Kashmir, made bunkers in forest and high ridges