
തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒയ്‌ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് റേഞ്ച് ഐജി അജിതാ ബീഗം ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. റൂറല്‍ എസ്പി എസ് സുദര്‍ശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിതാ ബീഗത്തിന്റെ ശുപാര്‍ശ. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് നടപടി സ്വീകരിക്കേണ്ടത് . നടപടി ക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ ഇന്ന് നടപടി ഉത്തരവ് ഇറങ്ങില്ല. നാളെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഐജി ഓഫീസ് അറിയിച്ചു.
പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് ചേണിക്കുഴി സ്വദേശി രാജനെ ഇടിച്ചിട്ട് നിർത്താതെ പോയത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആര്‍.
വാഹനമോടിച്ചത് അനില്‍ കുമാര്‍ തന്നെയാണ് എന്ന് കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചന നൽകിയിരുന്നു. അനില്‍ കുമാറിന്റെ മൊഴിയും രേഖപ്പെടുത്തി. ആള്‍ട്ടോ 800 കാറാണ് ഓടിച്ചിരുന്നത്. വേഗതയില്‍ പോകുന്ന സമയത്ത് ഒരാളെ ഇടിച്ചു എന്ന് മനസിലായിരുന്നു. എന്നാല്‍ അത് മരണത്തിലേക്ക് നയിക്കുന്ന ഗുരുതര സ്വഭാവമുളള വാഹനാപകടമാണ് എന്ന് മനസിലായില്ല. അതുകൊണ്ട് വാഹനം നിര്‍ത്താതെ മുന്നോട്ടുപോവുകയായിരുന്നു എന്നാണ് അനില്‍ കുമാര്‍ നല്‍കിയ മൊഴിയെന്നാണ് വിവരം.
Content Highlights: Range IG Ajitha Begum recommends action against Parassala SHO Anil Kumar in kilimanur accident