
ബഹ്റൈനിലെ വ്യാപാര സ്ഥാപനങ്ങളിൽ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായി വ്യവസായ-വാണിജ്യ മന്ത്രാലയം. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച കേസുകളിൽ 32 ശതമാനം കുറവ്. വ്യാജ രേഖകൾ സമർപ്പിച്ചതിന് 110 കേസുകളിൽ നിയമ നടപടി സ്വീകരിച്ചതായും അധികൃതർ. വ്യാപാര സ്ഥാപനങ്ങളിൽ നിയമലംഘനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം കുറവാണ് ഈ വർഷം രേഖപെടുത്തിയിരിക്കുന്നത്.
ഈ വർഷം ഇതുവരെ നടത്തിയ പരിശോധനകളിൽ 27,481 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. നിയമലംഘനങ്ങളുടെ കുറവ് വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ നിയമങ്ങളെക്കുറിച്ചുള്ള ഉയർന്ന അവബോധം കാണിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 1,442 പരിശോധനാ കാമ്പയിനുകളിലായി 32,986 സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതിൽ 18,714 സ്ഥാപനങ്ങളും പൂർണമായും നിയമങ്ങൾ പാലിക്കുന്നതായി കണ്ടെത്തി.
സ്ഥാപങ്ങളുടെ മുൻവശത്തെ ബോർഡുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 47 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. അറബിയിലും ഇംഗ്ലീഷിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന പേരുകൾ മുൻവശത്തെ ബോർഡിൽ രേഖപ്പെടുത്തിയിരിക്കണമെന്നും വ്യക്തമായി കാണുന്നതും ആക്ഷേപകരമല്ലാത്തതുമായിരിക്കണം തുടങ്ങിയവയായിരുന്നു ബോർഡുകളിൽ പാലിക്കേണ്ട നിയമങ്ങൾ.
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച കേസുകളിൽ 32 ശതമാനം കുറവ് രേഖപ്പെടുത്തി. സുരക്ഷിതമായ ഉത്പന്നങ്ങൾ, കൃത്യമായ വിവരങ്ങൾ നൽകുക, കേടായ ഉൽപന്നങ്ങൾക്ക് റീഫണ്ട് നൽകുക തുടങ്ങിയവ ഈ നിയമത്തിൽ ഉൾപ്പെടുന്നു. ഗുരുതരമായ നിയമലംഘനങ്ങൾ കാരണം 20 സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്നതായും വ്യാജ രേഖകൾ സമർപ്പിച്ചതിന് 110 കേസുകൾ നിയമനടപടികൾക്കായി കൈമാറിയെന്നും വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു.
Content Highlights: Sharp drop in violations by commercial establishments in Bahrain