
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് സിനിമ ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയെ ട്രോളുകളാണ് സിനിമയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. സിനിമയിലെ ക്ലൈമാക്സ് സീനാണ് ഏറെ വിമർശിക്കപ്പെടുന്നത്. തുടർന്ന് കൂലിയെ ആമിർ ഖാൻ തള്ളി പറഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂലി ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും തനിക്ക് കുറ്റബോധമുണ്ടെന്നുമാണ് പുറത്തുവന്ന വാർത്തകൾ. ഇപ്പോഴിതാ ഈ റിപ്പോർട്ടുകൾ തള്ളിയിരിക്കുകയാണ് ആമിർ ഖാന്റെ ടീം.
കൂലി എന്ന സിനിമ ചെയ്തത് തെറ്റാണെന്ന തരത്തിൽ ആമിർ ഖാൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ആ അഭിമുഖം ഫേക്ക് ആണെന്നും നടന്റെ ടീം അറിയിച്ചു. 'രജനികാന്തിനോടും ലോകേഷ് കനകരാജിനോടും കൂലിയുടെ മുഴുവൻ ടീമിനോടും ആമിർ ഖാന് വലിയ ബഹുമാനമുണ്ട്. ചിത്രം ബോക്സ് ഓഫീസിൽ 500 കോടിയ്ക്കും മുകളിൽ കളക്ഷൻ നേടി. അതുതന്നെ എല്ലാത്തിനും മറുപടിയാണ്;, എന്നാണ് ആമിറിന്റെ ടീം ഈ വിഷയത്തിൽ പ്രതികരിച്ചത്.
ബോളി ബസ് എന്ന മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ ആർട്ടിക്കിൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.'രജനി സാബിന് വേണ്ടിയാണ് ഞാന്‍ അതിഥി വേഷം ചെയ്യാന്‍ തയ്യാറായത്. സത്യത്തില്‍ എന്താണ് എന്റെ കഥാപാത്രമെന്ന് ഇപ്പോഴും മനസിലായിട്ടില്ല. നടന്നു വന്നു, ഒന്നോ രണ്ടോ ലൈന്‍ പറഞ്ഞു, അപ്രതക്ഷ്യനായി എന്നാണ് തോന്നിയത്. ഒരു അര്‍ത്ഥവുമില്ല. അതിന് പിന്നില്‍ ഒരു ചിന്തയുമില്ല. വളരെ മോശമായി എഴുതിയ കഥാപാത്രമാണ്. 'ഞാന്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. ഫൈനല്‍ പ്രൊഡക്ട് എന്തായിരിക്കുമെന്ന് അറിയില്ലായിരുന്നു. രസകരമായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. ഇത്രയും ട്രോള്‍ നേരിടേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷെ എന്തുകൊണ്ടാണ് ആളുകള്‍ നിരാശരായത് എന്ന് മനസിലാക്കുന്നു. സീന്‍ വര്‍ക്കായില്ല, അത്രയേയുള്ളൂ.
അതൊരു വലിയ തെറ്റായിരുന്നു. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധിക്കും', എന്നായിരുന്നു ആ അഭിമുഖത്തിലെ ആമിറിന്റെ വാക്കുകൾ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.
Content Highlights: Aamir Khan's team about actor's words about Coolie