
ഒമാനിലെ പ്രധാന ടൂറിസം കേന്ദ്രമായ സൗത്ത് ബാത്തിനയില്‍ ലൈസന്‍സുള്ള ടൂറിസം സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായി പൈതൃക ടൂറിസം മന്ത്രാലയം. ഈ വര്‍ഷം ജൂലൈ അവസാനം വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മേഖലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ക്കും മന്ത്രാലയം തുടക്കം കുറിച്ചു.
സൗത്ത് ബാത്തിനയില്‍ ലൈസന്‍സുള്ള ടൂറിസം സ്ഥാപനങ്ങളുടെ എണ്ണം 249 ആയി ഉയര്‍ന്നുവെന്നാണ് പൈതൃക ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 11 ഹോട്ടലുകള്‍, എട്ട് ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍, അഞ്ച് വിശ്രമ കേന്ദ്രങ്ങള്‍, രണ്ട് ക്യാമ്പുകള്‍, 173 ഗസ്റ്റ് ഹൗസുകള്‍, 48 ഗ്രീന്‍ ലോഡ്ജുകള്‍, രണ്ട് ഹെറിറ്റേജ് ലോഡ്ജുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ബര്‍ക്കയാണ് ഇതില്‍ മുന്നില്‍. ഗവര്‍ണറേറ്റില്‍ 198 ലൈസന്‍സുള്ള ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
പൈതൃകം, ചരിത്രം, പ്രകൃതി, സാഹസികത, സമുദ്ര ടൂറിസം എന്നിവയുടെ സവിശേഷമായ ഒരു സംയോജനമാണ് ഗവര്‍ണറേറ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് പൈതൃക ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഒമാന്‍ കടലിന്റെ തീരം മുതല്‍ ദഖ്‌ലിയ, ദാഹിറ പര്‍വത നിരകള്‍ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങള്‍ വ്യത്യസ്തമാര്‍ന്ന അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
സര്‍ക്കാര്‍ ഏജന്‍സികളുമായും മുനിസിപ്പല്‍ കൗണ്‍സിലുമായും ഏകോപിപ്പിച്ച് ഹോട്ടലുകള്‍, ക്യാമ്പുകള്‍, ഹെറിറ്റേജ് ലോഡ്ജുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുളള പദ്ധതികള്‍ക്കും പൈതൃക ടൂറിസം മന്ത്രായം തുടക്കം കുറിച്ചിട്ടുണ്ട്. പരമ്പരാഗത വീടുകളെ താമസകേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെയും ഗ്രീന്‍ ലോഡ്ജുകള്‍ക്കും ഗസ്റ്റ്ഹൗസുകള്‍ക്കുമായി ഫാമുകള്‍ ഉപയോഗിക്കുന്നതിലൂടെയും യുവാക്കള്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ തൊഴിവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു.
Content Highlights: Oman’s South Batinah Records Major Growth In Tourism Facilities