
കുവൈത്തിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വിഭാഗം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. കുവൈത്തിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഓരോ അഞ്ച് വര്‍ഷത്തിലും മിനിമം വേതനം നിശ്ചയിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വിഭാഗം മുന്നോട്ട് വച്ചിരിക്കുന്നത്.
പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയും ബന്ധപ്പെട്ട അധികാരികളുടെ കൂടിയാലോചനകള്‍ക്കും വിധേയമായിട്ടായിരിക്കണം മിനിമം വേതനം നിശ്ചയിക്കേണ്ടത്. സ്വകാര്യ മേഖലയിലെ കുവൈത്തികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശിവല്‍ക്കരണ തോത് ഉയര്‍ത്തുക, നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ നടപ്പിലാക്കുക, ചില തൊഴില്‍ മേഖലകള്‍ സ്വദേശി തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നിവയും പുതിയ നിര്‍ദേശത്തിലൂടെ ലക്ഷ്യമിടുന്നു.
സ്വകാര്യ മേഖലയിലെ ജോലികള്‍ക്കായി സ്വദേശി യുവാക്കളെ സജ്ജമാക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികളും പുതിയ നിര്‍ദേശത്തിലുണ്ട്. സാങ്കേതിക, തൊഴിലധിഷ്ഠിത ബിരുദധാരികളുടെ കുറവ്, വ്യാവസായിക മേഖലകളില്‍ ജോലി ചെയ്യുന്നതിനുള്ള വിമുഖത, സ്വകാര്യ മേഖലയിലെ തൊഴില്‍ സുരക്ഷ തുടങ്ങി കുവൈത്തിവല്‍ക്കരണം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വിഭാഗം മുന്നോട്ടുവെയ്ക്കുന്നു.
കുവൈത്തികള്‍ ലഭ്യമാകുന്ന തൊഴിലുകളില്‍ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ദേശീയ തൊഴിലാളികള്‍ക്ക് കൂടുതല്‍ പിന്തുണയും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട് സ്വകാര്യ മേഖലയിലെ തൊഴില്‍ പ്രോത്സാഹിപ്പിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വിഭാഗം വ്യക്തമാക്കി. കുവൈത്തി പൗരന്മാര്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും സ്വദേശിവല്‍ക്കരണം പ്രധാനമാണെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Kuwait revamp national workforce proportions in private sector