
ഒമാനിലെ സലാല ഖരീഫ് സീസണിലെ സഞ്ചാരികളുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു. വരും ദിവസങ്ങളില്‍ തിരക്ക് ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. അടുത്തമാസം 21 വരെയാണ് സഞ്ചാരികളുടെ മനം കവരുന്ന ഖരീഫ് കാലം. ഇളം കാറ്റും ചാറ്റല്‍ മഴയും നിറഞ്ഞ പ്രകൃതി വിസ്മയം അവസാന നാളുകളിലേക്ക് കടക്കുകയാണ്.
സലാല ഖരീഫ് സീസണ്‍ അവസാനിക്കാന്‍ 25 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ എത്തുന്ന സഞ്ചാരികളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ജൂണ്‍ 21ന് ഖരീഫ് കാലം ആരംഭിച്ചത് മുതല്‍ ഈ മാസം 15 വരെയുള്ള കാലയളവില്‍ 8,27,115 പേരാണ് സലാലയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 2.1 ശതമാനം വര്‍ധന ഉണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സഞ്ചാരികളില്‍ 5,09,577 പേര്‍ സ്വദേശികളാണ്. ഇതര ജി സി സി രാഷ്ട്രങ്ങളില്‍ നിന്നുള്ള 1,43,431 ആളുകളും ദോഫാറിലെത്തി. 6,39,962 പേര്‍ കര മാര്‍ഗവും 1,87,153 പേര്‍ വിമാന മാര്‍ഗവുമാണ് ഖരീഫ് കാലം ആസ്വദിക്കാനെത്തിയത്. ഈ മാസം ഒന്നിനും 15നും ഇടയിലാണ് കൂടുതല്‍ സഞ്ചാരികള്‍ ഇവിടെ എത്തിയത്.
അവസാന ആഴ്ചകളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മേഖലയിലെ വസന്തകാലത്തെ ആഘോഷപൂര്‍വമാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. മനോഹരമായ കാഴ്ചകളും നിരവധി വിനോദ പരിപാടികളുമാണ് ദോഫാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
Content Highlights: Khareef Salalah sees over 800,000 visitors