
ഒമാനില്‍ പുതിയതായി പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ ഞായറാഴ്ച മുതല്‍ അനുവദിച്ച് തുടങ്ങും. വിവിധ വിഭാഗങ്ങളിലാണ് വിസ ലഭ്യമാക്കുന്നത്. ഗോള്‍ഡന്‍ വിസ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ. ഒമാനില്‍ ദീര്‍ഘകാല താമസം ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകരെയും സംരംഭകരെയും പ്രഫഷനലുകളെയും ആകര്‍ഷിക്കുന്നതിനായാണ് ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച കൊമേഴ്സ്, ഇന്‍ഡസ്ട്രി, ഇന്‍വെസ്റ്റ്മെന്റ് മന്ത്രാലയം ഗോള്‍ഡന്‍ വിസ ഔദ്യോഗികമായി പുറത്തിറക്കും.
നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകര്‍ക്ക് അഞ്ച്, 10 വര്‍ഷം എന്നിങ്ങനെയുള്ള വിഭാഗത്തില്‍ വിസകള്‍ അനുവദിക്കും. റിയല്‍ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപം, ദീര്‍ഘകാല ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയിലൂടെ രണ്ട് നിക്ഷേപ റെസിഡന്‍സി പ്രോഗ്രാമുകളാണ് ഒമാന്‍ വാഗ്ദാനം ചെയ്യുന്നത്. 'ഇന്‍വെസ്റ്റ് ഒമാന്‍' ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് ദീര്‍ഘകാല റെസിഡന്‍സി വിസക്കായി അപേക്ഷിക്കേണ്ടത്. ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയിലോ, പബ്ലിക് ജോയിന്റ്-സ്റ്റോക്ക് കമ്പനിയിലോ, ഗവണ്‍മെന്റ് ബോണ്ടുകളിലോ 5,00,000 റിയാലില്‍ കുറയാത്ത നിക്ഷേപം നടത്തുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കും.
5,00,000 ഒമാനി റിയാലില്‍ കുറയാത്ത മൂല്യമുള്ള വസ്തു വാങ്ങുന്നവര്‍, കുറഞ്ഞത് 50 ഒമാനി പൗരന്മാരെ നിയമിക്കുന്ന കമ്പനി ഉടമകള്‍ എന്നിവര്‍ക്കും ദീര്‍ഘകാല ഗോള്‍ഡന്‍ വിസ ലഭിക്കും. ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയിലോ പബ്ലിക് ജോയിന്റ്-സ്റ്റോക്ക് കമ്പനിയിലോ 2,50,000 ഒമാനി റിയാലില്‍ കുറയാത്ത നിക്ഷേപം നടത്തുന്നവരും ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാണ്. ഒമാനില്‍ താമസിക്കുന്ന പ്രവാസി തൊഴിലാളികള്‍ ഇവിടെത്തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പ്രതിമാസം 4,000 ഒമാനി റിയാലില്‍ കുറയാത്ത സ്ഥിര വരുമാനത്തിന്റെ തെളിവ് നല്‍കിയും എക്‌സ്റ്റെന്‍ഡഡ് റെസിഡന്‍സ് പെര്‍മിറ്റ് സ്വന്തമാക്കാം.
Content Highlights: Oman to launch Golden Visa programme for investors