
ഒമാനില്‍ ഫുഡ് ഡെലിവറി തൊഴിലാളികള്‍ക്കും പ്രഫഷണല്‍ പ്രാക്ടീസ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. നിയമം ലംഘിച്ചാല്‍ തടവിനും പിഴക്കും പുറമെ നാടുകടത്തലും നേരിടേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഒമാനികളായ സ്വദേശികള്‍ക്ക് തൊഴില്‍ വിപണിയില്‍ മുന്‍ഗണന ലഭിക്കുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്.
അടുത്ത മാസം ഒന്നാം തിയതി മുതലാണ് ഒമാനില്‍ ഫുഡ് ഡെലിവറി തൊഴിലാളികള്‍ക്കും പ്രാക്ടീസ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്. എല്ലാ ഫുഡ് ഡെലിവറി തൊഴിലാളികളും സൂപ്പര്‍വൈസര്‍മാരും പ്രൊഫഷനല്‍ പ്രാക്ടീസ് ലൈസന്‍സ് സ്വന്തമാക്കണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ ലോജിസ്റ്റിക്‌സ് മേഖലാ സ്‌കില്‍ യൂണിറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാനുളള നടപടിയും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
പുതിയ അപേക്ഷകള്‍ സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാനും പുതുക്കാനും സാധിക്കുമെന്ന് പ്രഫഷണല്‍ സ്റ്റാന്റേര്‍ഡ് ഡയറക്ടര്‍ സാഹിര്‍ ബിന്‍ അബ്ദുല്ല അല്‍ ശൈഖ് അറിയിച്ചു. ലൈസന്‍സ് ഫീസ് 20 റിയാല്‍ മുതല്‍ ആരംഭിക്കും. പ്രവാസികള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. പ്രാദേശിക സ്ഥാപനങ്ങള്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ഒരു പോലെ ബാധകമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴയും 10 ദിവസം മുതല്‍ ഒരു മാസം വരെ തടവും ശിക്ഷ ലഭിക്കും. ഇതിന് പുറമെ കമ്പനികളുടെ ലൈസന്‍സ് രണ്ട് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ നാടുകടത്തല്‍ നടപടിയും നേരിടേണ്ടി വരും. ലൈസന്‍സ് സ്വന്തമാക്കാനുള്ള തീയതി നീട്ടില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Content Highlights: Oman makes professional practice licenses mandatory for food delivery workers