
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ വിജയവഴിയില്‍ തിരിച്ചെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ ഒന്‍പത് റണ്‍സിനാണ് കൊച്ചി വിജയം സ്വന്തമാക്കിയത്. കൊച്ചി ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ട്രിവാന്‍ഡ്രത്തിന് 182 റണ്‍സ് മാത്രമാണ് നേടാനായത്.
സൂപ്പര്‍ താരം സഞ്ജു സാംസണ് കൊച്ചിക്ക് വേണ്ടി വീണ്ടും വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്നു. സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറിയാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. 30 പന്തില്‍ ഫിഫ്റ്റി തികച്ച സഞ്ജു 37 പന്തില്‍ 62 റണ്‍സെടുത്താണ് പുറത്തായത്. അഞ്ച് സിക്സും നാല് ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി ഓപ്പണർമാരായ സഞ്ജു സാംസണും വിനൂപ് മനോഹരനും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 26 പന്തിൽ 9 ഫോറുകളുടെ സഹായത്തോടെ 42 റൺസെടുത്ത വിനൂപ് മനോഹരന്റെ വിക്കറ്റാണ് കൊച്ചിക്ക് ആദ്യം നഷ്ടമായത്.
വെടിക്കെട്ട് ഫോമിൽ ബാറ്റുവീശിയ സഞ്ജു ഒരിക്കൽക്കൂടി അർധസെഞ്ച്വറി നേടിയതോടെ കൊച്ചിയുടെ സ്കോർ കുതിച്ചു. 35 പന്തിൽ 45 റൺസ് നേടിയ നിഖിൽ തോട്ടത്ത്, 10 പന്തിൽ 26 റൺസെടുത്ത ജോബിൻ ജോബി എന്നിവരും കൊച്ചിക്ക് വേണ്ടി മികച്ച സംഭാവന നൽകി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് കൊച്ചി അടിച്ചെടുത്തത്.
ട്രിവാൻഡ്രത്തിനായി സഞ്ജീവ് സതിരേശൻ തകർപ്പൻ അർധ സെഞ്ച്വറി നേടിയെങ്കിലും ടീമിന് ജയിക്കാനായില്ല. 46 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 70 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് ട്രിവാൻഡ്രം ബാറ്റിങ് തുടങ്ങിയത്. രണ്ട് റൺസ് എടുക്കുന്നതിനിടെ ട്രിവാൻഡ്രം റോയൽസിന്റെ രണ്ട് വിക്കറ്റുകൾ വീണു. റണ്ണൊന്നുമെടുക്കാതെ ഗോവിന്ദ് ദേവ് പൈ, റിയ ബഷീർ എന്നിവരാണ് പുറത്തായത്. ക്യാപ്റ്റൻ കൃഷ്ണ പ്രസാദും സഞ്ജീവ് സതീശനും റോയൽസിനെ തകർച്ചയിൽ നിന്ന് കരകയറ്റി.
36 റൺസെടുത്ത് പുറത്തായ കൃഷ്ണ പ്രസാദിന് പകരമെത്തിയ അബ്ദുൾ ബാസിതും സഞ്ജിവും ചേർന്ന് വെടിക്കെട്ട് നടത്തിയതോടെ ട്രിവാൻഡ്രം റോയൽസിന് വിജയ പ്രതീക്ഷ വന്നു. ടീം സ്കോർ 151 എത്തിയപ്പോൾ സഞ്ജിവ് പുറത്തായി. 46 പന്തിൽ 70 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 27 പന്തിൽ 41 റൺസെടുത്ത അബ്ദുൽ ബാസിത് അവസാനം വരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.
Content Highlights: Kerala Cricket League: Sanju Samson Hits Fifty, Kochi Blue Tigers Beats Adani Trivandrum Royals