
ഒമാനില്‍ തീപിടിത്തങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചതായി കണക്കുകള്‍. തലസ്ഥാന നഗരമായ മസ്‌കത്തിലാണ് ഏറ്റവും കൂടുതല്‍ തീപിടുത്തങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് ദേശീയ സ്ഥിതി വിവരകേന്ദ്രം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം 4,955 തീപിടുത്തങ്ങളാണ് ഒമാനില്‍ ഉണ്ടായത്. 2023ല്‍ 4,622 തീപിടുത്തങ്ങളും 2022ല്‍ 4,186 തീപിടുത്തങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ തീപിടുത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,577 തീപിടിത്തങ്ങളാണ് ഒരു വര്‍ഷക്കാലത്തിനിടയില്‍ ഇവിടെ ഉണ്ടായത്.
തെക്കന്‍ ബാത്തിന ദോഫാര്‍ എന്നീ ഗവര്‍ണറേറ്റുകളിലാണ് കൂടുതൽ തീപിടുത്തമുണ്ടായതിൽ തൊട്ടുപിന്നിലുള്ളത്. ഇവിടങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തീപിടുത്തങ്ങളുടെ തോത് വര്‍ദ്ധിച്ചതായും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താമസ സ്ഥലങ്ങളിലാണ് കൂടുതല്‍ തീ പിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാഹനങ്ങള്‍, അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന ഇടം, കൃഷി സ്ഥലങ്ങള്‍, വൈദ്യുതി ലൈനുകള്‍, എന്നിവിടങ്ങളിലും തീപിടുത്തം മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,
വ്യാവസായിക സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വലിയ തോതില്‍ തീപിടുത്തങ്ങള്‍ ഉണ്ടായതായും ദേശീയ സ്ഥിതി വിവരകേന്ദ്രം വ്യക്തമാക്കി.
പാര്‍പ്പിട കേന്ദ്രങ്ങളില്‍ 30.8 ശതമാനവും ഗതാഗതമേഖലയില്‍ 21.8 ശതമാനവുമാണ് മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ദ്ധന ഉണ്ടായത്. അപടങ്ങള്‍ ഒഴിവാക്കാന്‍ വീടുകളിലെ വൈദ്യുതി കണക്ഷനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും പ്രഥമ ശുശ്രൂഷകിറ്റുകള്‍ സൂക്ഷിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നിര്‍ദേശിച്ചു. ബാറ്ററികള്‍, ഗ്യാസ് സിലിണ്ടറുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ തുടങ്ങിയ വസ്തുക്കള്‍ ഒരിക്കലും വാഹനത്തിനുള്ളില്‍ ഉപേക്ഷിക്കരുത്. കാറുകള്‍ അറ്റകുറ്റപ്പണി നടത്താതിരിക്കല്‍, വയറിംഗിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഇന്ധന ചോര്‍ച്ച, എന്‍ജിന്‍ അമിതമായി ചൂടാകല്‍, നിലവാരമില്ലാത്ത സാധനങ്ങളുടെ ഇന്‍സ്റ്റലേഷന്‍ എന്നിവയും തീപിടുത്തതതിന് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlights: Fires in Oman increase sharply