

കുവൈറ്റിലെ വാണിജ്യ സ്ഥാപനങ്ങളിൽ പേപ്പർ ലൈസൻസുകൾക്ക് പകരം സ്മാർട്ട് ബാർകോഡുകൾ കൊണ്ടുവരാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം. ഒമ്പത് സർക്കാർ ഏജൻസികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ക്യുആർ കോഡ് സംവിധാനമാണ് നിലവിൽ വരുന്നത്. സേവനങ്ങൾ വേഗത്തിലാക്കാനും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ മാറ്റം.
കടകൾ, കഫേകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ സർക്കാർ വിഭാഗങ്ങളുടെ പേപ്പർ ലൈസൻസുകൾ പ്രദർശിപ്പിക്കണമെന്ന നിലവിലെ രീതി ഇതോടെ മാറും. 2025-ൽ ആരംഭിച്ച സ്മാർട്ട് ലൈസൻസ് സംവിധാനത്തിന്റെ തുടർച്ചയായാണ് പുതിയ നീക്കം.
വാണിജ്യ-വ്യവസായ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് ഫയർ ഫോഴ്സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി, ഇൻഫർമേഷൻ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി, സിവിൽ ഇൻഫർമേഷൻ അതോറിറ്റി എന്നിവയുടെ വിവരങ്ങളാണ് ബാർകോഡിൽ ഉൾപ്പെടുത്തുക.
തൊഴിൽ രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് നിയമങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആക്ടിംഗ് അണ്ടർസെക്രട്ടറി മർവ അൽ-ജുഐദാൻ വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നതോടെ ജീവനക്കാർക്ക് ചട്ടങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും സ്ഥാപനങ്ങൾക്ക് നിയമപരമായ കാര്യങ്ങൾ കൃത്യമായി പൂർത്തിയാക്കാനും പരിശോധനകൾ വേഗത്തിലാക്കാനും സാധിക്കും.
Content Highlights: Kuwait has implemented a new system that uses smart QR code licenses for commercial establishments. This change aims to speed up services and improve operational efficiency for businesses in the country.