

രാജ്യത്തെ അനധികൃത കെട്ടിടങ്ങളും കൈയ്യേറ്റങ്ങളും പൊളിച്ചുനീക്കുന്ന നടപടികൾ കുവൈറ്റ് കൂടുതൽ ഊർജിതമാക്കി. മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാത്തവർക്കെതിരെ അതത് ഗവർണർമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കർശന നടപടികൾ ആരംഭിച്ചു. കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര മന്ത്രാലയം, വൈദ്യുതി-ജല മന്ത്രാലയം തുടങ്ങിയ പ്രധാന സർക്കാർ വകുപ്പുകൾ സംയുക്തമായാണ് പരിശോധനകളും പൊളിച്ചുനീക്കൽ നടപടികളും നടത്തുന്നത്.
കൈയ്യേറ്റങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് തന്നെ അധികൃതർ നോട്ടീസ് നൽകിയിരുന്നു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും കൈയ്യേറ്റക്കാർക്കും കാലാവധി കഴിഞ്ഞ കെട്ടിടങ്ങളുടെ ഉടമകൾക്കും മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകിയിട്ടും അവഗണിച്ചവർക്കെതിരെയാണ് ഇപ്പോൾ നേരിട്ട് നടപടിയെടുക്കുന്നത്. ഇതിനുപുറമെ, സ്വദേശികൾക്കായി സർക്കാർ അനുവദിച്ച വീടുകളോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള വാഹന ഷെഡ്ഡുകൾ ഉൾപ്പെടെയുള്ള അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യാനും നിർദ്ദേശിച്ചിരുന്നു. ഇവ പൊളിച്ചുമാറ്റുന്നതിൽ കാലതാമസം വരുത്തിയവർക്കെതിരെയും അധികൃതർ നടപടി കടുപ്പിച്ചിട്ടുണ്ട്.
പരിശോധനകളുടെ ഭാഗമായി ഫർവാനിയ ഗവർണറുടെ നേതൃത്വത്തിലുള്ള സംഘം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷുയൂഖിലെ വിവിധ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യത്തെ നിയമവ്യവസ്ഥയും നഗരസൗന്ദര്യവും സംരക്ഷിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണ് ഈ പൊളിച്ചുനീക്കൽ നടപടികളെന്ന് ഫർവാനിയ ഗവർണർ വ്യക്തമാക്കി. കുവൈത്തിന്റെ അന്തസ്സിനും പ്രതിച്ഛായയ്ക്കും അനുയോജ്യമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kuwait is stepping up enforcement against illegal encroachments on public property. Under the ongoing campaign, municipal teams are removing unauthorised structures, fences, external diwaniyas and other extensions built on state-owned land.