

കുവൈറ്റിൽ ലൈൻ തെറ്റിച്ച് വാഹനമോടിക്കുന്നവർക്കും ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നവർക്കും കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനൊപ്പം, വിവിധ പ്രദേശങ്ങളിലെ പൊതുയിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് വാഹനങ്ങളും അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.
ജംഗ്ഷനുകളിലേക്കും ട്രാഫിക് സിഗ്നലുകളിലേക്കും അടുക്കുമ്പോൾ റോഡിലെ അടയാളങ്ങളും വരകളും ഡ്രൈവർമാർ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം നിർദ്ദേശിച്ചു. വാഹനങ്ങൾ തിരിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ലൈനുകൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. മറ്റ് ലൈനുകളിൽ നിന്ന് പെട്ടെന്ന് വാഹനം വെട്ടിത്തിരിക്കുന്നത് വലിയ ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുക, സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് നടത്തുക തുടങ്ങിയ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം നിയമലംഘനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റോഡുകളിൽ നിരീക്ഷണ ക്യാമറകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ക്യാമറകളിലൂടെ നിയമലംഘകരെ കണ്ടെത്തി തുടർനടപടികൾക്കായി വിളിച്ചുവരുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, റോഡുകളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റി പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ജഹ്റ ഗവർണറേറ്റിലെ പൊതുയിടങ്ങളിൽ നിന്നും 134 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും പഴയ കണ്ടെയ്നറുകളും അധികൃതർ നീക്കം ചെയ്തു. കൂടാതെ, പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഫർവാനിയ ഗവർണറേറ്റിലെ അബ്ബാസിയയിൽ നിന്നും നാളുകളായി ഉപയോഗിക്കാതെ കിടന്നിരുന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: Kuwait is stepping up enforcement of traffic regulations to improve road safety and discipline. Authorities are focusing on violations such as filming videos while driving, failing to maintain proper lane discipline and other dangerous driving practices. The measures aim to reduce risky behaviour on roads and protect motorists and other road users.