55-ാം വയസ്സിൽ വിരമിക്കാനാണോ പ്ലാൻ? 60 വരെ കാത്തിരുന്നാൽ ലഭിക്കുന്നത് കോടികളുടെ നേട്ടം

വിലക്കയറ്റത്തേക്കാൾ വേഗത്തിൽ ഉയരുന്ന ചികിത്സാ ചെലവുകൾ ഭാവിയിലെ വിരമിക്കൽ ഫണ്ടിന് വലിയ സമ്മർദ്ദം സൃഷ്ടിക്കാം

55-ാം വയസ്സിൽ വിരമിക്കാനാണോ പ്ലാൻ? 60 വരെ കാത്തിരുന്നാൽ  ലഭിക്കുന്നത് കോടികളുടെ നേട്ടം
dot image

വിരമിക്കൽ നേരത്തെ ആക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ജോലി ജീവിതത്തിൽ നിന്ന് നേരത്തെ വിടപറഞ്ഞ് കൂടുതൽ സമയം കുടുംബത്തിനും ഇഷ്ട കാര്യങ്ങൾക്കുമായി മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. എന്നാൽ 60-ാം വയസ്സിൽ വിരമിക്കേണ്ട ഒരാൾ 55-ാം വയസ്സിൽ തന്നെ ജോലി അവസാനിപ്പിക്കുമ്പോൾ, അത് വിരമിക്കൽ സമ്പാദ്യത്തിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


നേരത്തെ വിരമിക്കുന്നത് വെറും അഞ്ച് വർഷത്തെ ജോലി നഷ്ടപ്പെടുന്നതല്ലേ എന്ന ചിന്തിക്കാൻ വരട്ടെ ,ആ അഞ്ച് വർഷത്തെ നിക്ഷേപവും അതിന് ലഭിക്കുമായിരുന്ന കോമ്പൗണ്ടിങ് നേട്ടവും നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ദീർഘകാല നിക്ഷേപങ്ങളിൽ അവസാന വർഷങ്ങളിലാണ് സമ്പാദ്യം ഏറ്റവും വേഗത്തിൽ വളരുന്നത്.

ഉദാഹരണത്തിന്, ഒരാൾ 30-ാം വയസ്സിൽ നിന്ന് 60-ാം വയസ്സ് വരെ പ്രതിമാസം 10,000 വീതം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൽ (SIP) നിക്ഷേപിക്കുകയും ശരാശരി 12 ശതമാനം വാർഷിക വരുമാനം ലഭിക്കുകയും ചെയ്താൽ, ആകെ നിക്ഷേപമായ 36 ലക്ഷം ഏകദേശം 3.5 കോടിയായി വളരാൻ സാധ്യതയുണ്ട്. എന്നാൽ 55-ാം വയസ്സിൽ നിക്ഷേപ കാലാവധി അവസാനിപ്പിച്ചാൽ, നിക്ഷേപം 30 ലക്ഷമായിരിക്കുകയും സമ്പാദ്യം ഏകദേശം 1.9 കോടിയായി ചുരുങ്ങുകയും ചെയ്യും.

60 വയസ്സ് വരെ നിക്ഷേപം തുടരാതെ പണം അതേ രീതിയിൽ നിക്ഷേപിച്ച നിലയിൽ വെച്ചാലും അവസാന അഞ്ച് വർഷത്തെ വളർച്ചയിൽ വലിയ വ്യത്യാസമുണ്ടാകും. 56 മുതൽ 60 വയസ്സ് വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 1.6 കോടി വരെ അധിക സമ്പാദ്യം രൂപപ്പെടാൻ കഴിയുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഇതിന് കാരണം കോമ്പൗണ്ടിങ് തന്നെയാണ്.

നേരത്തെ വിരമിക്കുന്നതിന്റെ ആഘാതം സമ്പാദ്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. 60-ാം വയസ്സിൽ വിരമിക്കുന്ന ഒരാൾക്ക് 85 വയസ്സ് വരെ ജീവിതച്ചെലവ് കണക്കാക്കിയാൽ 25 വർഷത്തെ സാമ്പത്തിക പിന്തുണ മതിയാകും. എന്നാൽ 55-ാം വയസ്സിൽ വിരമിച്ചാൽ അതേ ജീവിതശൈലി നിലനിർത്താൻ 30 വർഷത്തെ ചെലവുകൾ കണ്ടെത്തേണ്ടിവരും. അതായത്, അഞ്ച് വർഷം അധികമായി വരുമാനമില്ലാതെ ജീവിതച്ചെലവ് വഹിക്കേണ്ടി വരും എന്ന് ചുരുക്കം.

ഇതിനൊപ്പം പണപ്പെരുപ്പവും ആരോഗ്യ ചെലവുകളും കൂടി വർധിച്ചാൽ വെല്ലുവിളികൾ കൂടും. വിലക്കയറ്റത്തേക്കാൾ വേഗത്തിൽ ഉയരുന്ന ചികിത്സാ ചെലവുകൾ ഭാവിയിലെ വിരമിക്കൽ ഫണ്ടിന് വലിയ സമ്മർദ്ദം സൃഷ്ടിക്കാം. എന്നാൽ 55-ാം വയസ്സിൽ വിരമിക്കുന്നത് പൂർണമായും തെറ്റായ തീരുമാനമാകണമെന്നില്ല. ആവശ്യത്തിന് വലിയ വിരമിക്കൽ ഫണ്ട്, കുറഞ്ഞ വാർഷിക ചെലവ്, ആരോഗ്യ ഇൻഷുറൻസ്, വാടക, ഡിവിഡന്റ്, പെൻഷൻ തുടങ്ങിയ മറ്റ് വരുമാന മാർഗങ്ങൾ എന്നിവയുള്ളവർക്ക് നേരത്തെ വിരമിക്കൽ സാധ്യമാണ്. എന്നാൽ കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെ ജോലി ഉപേക്ഷിക്കുന്നത് പിന്നീട് സാമ്പത്തിക സമ്മർദ്ദത്തിന് കാരണമാകാം.

വിരമിക്കൽ എന്നത് ജോലി അവസാനിപ്പിക്കുന്ന ദിവസം മാത്രമല്ല, അതിന് ശേഷമുള്ള വർഷങ്ങൾ സാമ്പത്തിക സുരക്ഷയോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതിയാണെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. നേരത്തെ വിരമിക്കണമെങ്കിൽ, ആദ്യം ഉറപ്പാക്കേണ്ടത് സമ്പാദ്യം ജീവിതകാലം മുഴുവൻ നിലനിൽക്കുമോ എന്നതാണ്.

Content Highlights: Retiring at 55 instead of 60? Here's how you could lose Rs 1.6 crore in retirement savings

dot image
To advertise here,contact us
dot image