മനസ്സിനും ശരീരത്തിനും ഉണർവേകി കുവൈറ്റിൽ യോഗ ദിനാചരണം; നിരവധിപേർ പങ്കെടുത്തു

ഇന്ത്യൻ എംബസി സംഘടിപ്പിച്ച കൂട്ടായ യോഗാഭ്യാസത്തിൽ 2200-ലധികം പേരാണ് പങ്കുചേർന്നത്

മനസ്സിനും ശരീരത്തിനും ഉണർവേകി കുവൈറ്റിൽ യോഗ ദിനാചരണം; നിരവധിപേർ പങ്കെടുത്തു
dot image

കുവൈറ്റിൽ 12-ാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സാൽമിയയിലെ ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പ്രധാന ചടങ്ങിൽ സ്വദേശികളും വിദേശികളുമടങ്ങുന്ന ആയിരക്കണക്കിന് പേർ പങ്കെടുത്തു. “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്ന ഈ വർഷത്തെ ആഗോള പ്രമേയം മുൻനിർത്തിയായിരുന്നു ആഘോഷങ്ങൾ.

ആരോഗ്യത്തിന്റെയും മനശാന്തിയുടെയും സന്ദേശം പകർന്ന് കുവൈറ്റിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം ശ്രദ്ധേയമായി. ഇന്ത്യൻ എംബസി സംഘടിപ്പിച്ച കൂട്ടായ യോഗാഭ്യാസത്തിൽ 2200-ലധികം പേരാണ് പങ്കുചേർന്നത്. പ്രായഭേദമന്യേയും വിവിധ രാജ്യങ്ങളിൽ നിന്നുമായെത്തിയവർ ഒരുമിച്ച് യോഗ പരിശീലനം നടത്തിയതോടെ ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയം അപൂർവ സംഗമത്തിന് വേദിയായി.

ഇന്ത്യൻ അംബാസഡറുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് യോഗ കമ്മിറ്റി പ്രസിഡന്റും പത്മശ്രീ ജേതാവുമായ ഷൈഖ ഷൈഖ അൽ സബാഹും അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയും ഏഷ്യൻ യോഗാസന സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റുമായ പത്മശ്രീ ജേതാവ് നൗഫ് മർവായിയും മുഖ്യാതിഥികളായിരുന്നു. ആരോഗ്യകരമായ ജീവിതത്തിനും മാനസിക സന്തുലിതാവസ്ഥയ്ക്കും യോഗ നൽകുന്ന സംഭാവനകൾ അവർ പങ്കുവെച്ചു.

യോഗ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി സ്കൂളുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നാൽപ്പതിലധികം യോഗ പരിപാടികളും സംഘടിപ്പിച്ചിരുന്നു. യോഗയുടെ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരിപാടികൾ.

ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘യോഗ ഇൻ ഫോകസ്’ ഫോട്ടോ പ്രദർശനവും യോഗത്തെ ആസ്പദമാക്കിയ ചിത്രരചനാ പ്രദർശനവും ശ്രദ്ധ നേടി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങളും വിതരണം ചെയ്തു. യോഗ ദിനാഘോഷം വിജയമാക്കാൻ സഹകരിച്ച കുവൈറ്റ് സർക്കാർ, വിവിധ ഇന്ത്യൻ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, സ്പോൺസർമാർ എന്നിവർക്കു ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. ഒരു ദിനാചരണത്തിൽ ഒതുങ്ങാതെ, നിത്യജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റണമെന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് സമാപനമായത്.

Content Highlights: Kuwait marked International Yoga Day with large-scale participation from residents and yoga enthusiasts. The event highlighted the benefits of yoga for physical fitness, mental wellness, and overall health, bringing together people from diverse communities in a spirit of unity and well-being.

dot image
To advertise here,contact us
dot image