ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി, കുവൈറ്റിന് നേരെ ഇറാൻ ആക്രമണം; അപലപിച്ച് യുഎഇ

വ്യാഴാഴ്ച പുലർച്ചെയോടെയാണ് കുവൈറ്റിനെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്

ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി, കുവൈറ്റിന് നേരെ ഇറാൻ ആക്രമണം; അപലപിച്ച് യുഎഇ
dot image

ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം. ശത്രുതാപരമായ നീക്കങ്ങളെ കുവൈറ്റ് വ്യോമ പ്രതിരോധ സേന ശക്തമായി പ്രതിരോധിക്കുന്നതായി സൈന്യം അറിയിച്ചു. മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ കുവൈറ്റിന് നേരെയുണ്ടായ ഈ ഭീകരാക്രമണത്തെ യുഎഇയും ജിസിസിയും ശക്തമായി അപലപിച്ചു.

വ്യാഴാഴ്ച പുലർച്ചെയോടെയാണ് കുവൈറ്റിനെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. ശത്രുതാപരമായ ഈ നീക്കങ്ങളെ കുവൈറ്റ് വ്യോമ പ്രതിരോധ സേന ശക്തമായി പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. രാജ്യത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകൾ തകർക്കുന്നതിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറാനിൽ യുഎസ് ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഭവം.

കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹോദര രാജ്യമായ കുവൈത്തിന് യുഎഇയുടെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ കുവൈറ്റിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യയും രംഗത്തെത്തി. മേഖലയുടെ സുരക്ഷ തകർക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നിരാകരിക്കുന്നതായി സൗദി വിദേശകാര്യമന്ത്രാലയം പറഞ്ഞു. കുവൈറ്റിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണത്തെ ഖത്തറും കടുത്ത ഭാഷയിൽ അപലപിച്ചു. പ്രാദേശിക സുരക്ഷ മുൻനിർത്തി മേഖലയിലെ സംഘർഷങ്ങൾ അടിയന്തിരമായി ലഘൂകരിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് ജിസിസി സെക്രട്ടറി ജനറലും കുറ്റപ്പെടുത്തി. നല്ല അയൽപക്ക ബന്ധത്തിന്റെ തത്വങ്ങളെ കാറ്റിൽപ്പറത്തിയുള്ള വഞ്ചനാപരമായ ആക്രമണമാണിതെന്ന് റിയാദിലെ ജിസിസി ജനറൽ സെക്രട്ടേറിയറ്റ് വിശേഷിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കുവൈറ്റ് സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും ഗൾഫ് രാജ്യങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Content Highlights: Fresh concerns over instability have emerged in the Gulf region following a reported Iranian attack targeting Kuwait. The UAE strongly condemned the incident and called for restraint and regional stability amid growing fears of escalation.

dot image
To advertise here,contact us
dot image