നവീകരണ പ്രവർത്തനം പൂർത്തിയായി; കുവൈറ്റ് വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

വിമാനത്താവളത്തിലെ പ്രവര്‍ത്തന സൗകര്യങ്ങളുടെ നവീകരണവും സാങ്കേതിക സംവിധാനങ്ങളുടെ സജ്ജീകരണവും പൂര്‍ത്തിയായ ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

നവീകരണ പ്രവർത്തനം പൂർത്തിയായി; കുവൈറ്റ് വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
dot image

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍, ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും. വിമാനത്താവളത്തിലെ നവീകരണ-അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രഖ്യാപനം. ജൂണ്‍ ഒന്ന് മുതല്‍ കുവൈറ്റ് വിമാനത്താവളത്തില്‍ വിദേശ എയര്‍ലൈന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന്, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ ഷെയ്ഖ് ഹമൂദ് മുബാറക് അല്‍ സബാഹ് അറിയിച്ചു.

വിമാനത്താവളത്തിലെ പ്രവര്‍ത്തന സൗകര്യങ്ങളുടെ നവീകരണവും സാങ്കേതിക സംവിധാനങ്ങളുടെ സജ്ജീകരണവും പൂര്‍ത്തിയായ ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയും വിമാന ഗതാഗതത്തിന്റെ സുഗമതയും ഉറപ്പാക്കുന്ന രീതിയിലായിരിക്കും സര്‍വീസുകള്‍ പുനക്രമീകരിക്കുന്നത്.

പൂര്‍ണമായ പ്രവര്‍ത്തനക്ഷമത കൈവരിക്കുന്നതുവരെ, ഘട്ടം ഘട്ടമായ വിലയിരുത്തലുകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ടി-വണ്‍ യാത്രാ ടെര്‍മിനലില്‍ ആവശ്യമായ എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. പുതിയ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ടെര്‍മിനല്‍ ഒന്നു തുറക്കുന്നതോടെ, കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകളാണ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നത്.

Content Highlights: Operations at Terminal 1 of Kuwait International Airport are set to resume after renovation work was completed. The upgraded facilities are expected to enhance airport services and passenger convenience.

dot image
To advertise here,contact us
dot image