'സതീശന്റെ മറുപടി ഡീകോഡ് ചെയ്യാൻ മുഖഭാവ വിദഗ്ധനെ നിയമിക്കുന്നത് നല്ലതായിരിക്കും'; മൗനത്തിൽ പരിഹസിച്ച് ആദർശ്

മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി

'സതീശന്റെ മറുപടി ഡീകോഡ് ചെയ്യാൻ മുഖഭാവ വിദഗ്ധനെ നിയമിക്കുന്നത് നല്ലതായിരിക്കും'; മൗനത്തിൽ പരിഹസിച്ച് ആദർശ്
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ വീട്ടില്‍ അടക്കം നടത്തിയ ഇ ഡി റെയ്ഡില്‍ മൗനം തുടരുന്ന മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി. സതീശന്റെ മറുപടികള്‍ ഡീകോഡ് ചെയ്യാന്‍ മാധ്യമ സ്ഥാപനങ്ങള്‍ ആംഗ്യഭാഷ വിദഗ്ധനെയോ മുഖഭാവ വിദഗ്ധനെയോ നിയമിക്കുന്നത് നല്ലതായിരിക്കുമെന്ന് ആദര്‍ശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദര്‍ശിന്റെ പരിഹാസം.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏഴോ എട്ടോ തവണയാണ് മുഖ്യമന്ത്രിയുടെ ഒരു പ്രതികരണത്തിനായി മാധ്യപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കണ്ടത്. എന്നാല്‍ അവിടെയെല്ലാം കണ്ടത് മുഖ്യമന്ത്രിയുടെ കുറച്ച് പൂക്കി മുഖഭാവങ്ങളായിരുന്നു. 'പൂക്കിമോന്റെ' പൂക്കിത്തരങ്ങള്‍ അനുഭവിക്കുകയല്ലാതെ മറ്റെന്ത് ചെയ്യണമെന്നും ആദര്‍ശ് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ശ്രീ വടശ്ശേരി സതീശൻ്റെ മറുപടികൾ ഡീകോഡ് ചെയ്യാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഒരു ആംഗ്യഭാഷാ വിദഗ്ദ്ധനെയോ, മുഖഭാവ വിദഗ്ദ്ധനെയോ നിയമിക്കുന്നത് നല്ലതായിരിക്കും.

കഴിഞ്ഞ രണ്ട് ദിവസമായി ശ്രീ വടശ്ശേരിയോട് എഴോ എട്ടോ തവണയാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തിൻ്റെ ഒരു പ്രതികരണത്തിനായി കണ്ടത്. അവിടെയെല്ലാം മറുപടി, "മാധ്യമങ്ങളുടെ ചോദ്യത്തോട് ഇതുപോലെ പ്രതികരിക്കുന്ന ഒരു മുഖ്യമന്ത്രിയെ നിങ്ങൾ കണ്ടിട്ടുണ്ടോ?" എന്നും, പിന്നെ മാധ്യമങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ച് പൂക്കി മുഖഭാവങ്ങളും മാത്രമായിരുന്നു.

ചില മാധ്യമങ്ങൾ നിർമ്മിച്ചെടുത്ത "പൂക്കിമോൻ്റെ" പൂക്കിത്തരങ്ങൾ അനുഭവിക്കുക തന്നെ ചെയ്യുക, മാധ്യമ പ്രവർത്തകരേ

ഇ ഡി റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം മാധ്യമങ്ങള്‍ പലതവണ തേടിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖം തിരിച്ച് നടക്കുകയാണ് വി ഡി സതീശന്‍ ചെയ്തത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്ത് സംഭവമുണ്ടായാലും മാധ്യമങ്ങളെ കണ്ട് പ്രതികരിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ മൗനത്തിലാണെന്നായിരുന്നു വിമര്‍ശനം.

ബുധനാഴ്ചയായിരുന്നു പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം റെയ്ഡ് നടന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ടോടെയായിരുന്നു അവസാനിച്ചത്. പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് എന്ന വാര്‍ത്ത പുറത്തുവന്നതോടെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ഡല്‍ഹിയില്‍ ഇ ഡി ആസ്ഥാനത്തേയ്ക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ മടങ്ങിയ ഇ ഡി സംഘത്തിന്റെ വാഹനം ആക്രമിക്കുന്ന സംഭവവമുണ്ടായി. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ അടക്കം എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വധശ്രമത്തിന് അടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവരുന്ന മുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Content Highlights- SFI All India President Adarsh M Saji criticized and mocked opposition leader VD Satheesan for his silence regarding the political developments surrounding an ED raid linked to Kerala Chief Minister Pinarayi Vijayan’s residence

dot image
To advertise here,contact us
dot image