മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന കുറ്റവാളി സംഘങ്ങൾ വ്യാജ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മോഷ്ടിച്ച ബാങ്കിങ് വിവരങ്ങളും ക്രെഡിറ്റ് കാർഡുകളും പ്രചരിപ്പിക്കുന്നതായി ദുബായ് പൊലീസ്

മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്
dot image

വ്യാജ വെബ്‌സൈറ്റുകളിലൂടെയും ഓൺലൈൻ പേജുകളിലൂടെയും പ്രചരിപ്പിക്കുന്ന, മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. യുഎഇയിലെ സൈബർ ക്രൈം നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവുശിക്ഷയും 20 ലക്ഷം (2 മില്യൺ) ദിർഹം വരെ പിഴയും ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന കുറ്റവാളി സംഘങ്ങൾ വ്യാജ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മോഷ്ടിച്ച ബാങ്കിങ് വിവരങ്ങളും ക്രെഡിറ്റ് കാർഡുകളും പ്രചരിപ്പിക്കുന്നതായി ദുബായ് പൊലീസ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ അപ്രതീക്ഷിതമായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടനടി അധികൃതരെ വിവരമറിയിക്കണം. വേഗത്തിലുള്ള ഇടപെടൽ വഴി മോഷ്ടിക്കപ്പെട്ട പണം വീണ്ടെടുക്കാനും നഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാനും സഹായിക്കുമെന്നും ദുബായ് പൊലീസ് കൂട്ടിച്ചേർത്തു.

യഥാർത്ഥ സേവന ദാതാക്കളുടേതിന് സമാനമായ രീതിയിൽ വ്യാജമായി നിർമ്മിച്ച വെബ്‌സൈറ്റുകളിൽ കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴോ, അല്ലെങ്കിൽ വ്യാജ പേയ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ ആണ് പലപ്പോഴും ഇരകൾ തങ്ങളറിയാതെ തന്നെ ബാങ്കിങ് വിവരങ്ങൾ ചോർത്തി നൽകുന്നത്. ഇങ്ങനെ മോഷ്ടിക്കപ്പെടുന്ന കാർഡ് വിവരങ്ങൾ പിന്നീട് കുറ്റവാളി സംഘങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. വിവരങ്ങൾ ചോർന്ന് ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ശേഷമായിരിക്കും ഇവ ദുരുപയോഗം ചെയ്യപ്പെടുക. അതുകൊണ്ടുതന്നെ എവിടെ നിന്നാണ് തങ്ങളുടെ വിവരങ്ങൾ ചോർന്നതെന്ന് കണ്ടെത്തുക ഇരകൾക്ക് ബുദ്ധിമുട്ടായി മാറുന്നതായും ദുബായ് പൊലീസ് അറിയിച്ചു.

Content Highlights:

dot image
To advertise here,contact us
dot image