മാസങ്ങളോളം ശമ്പളം ലഭിക്കാതെ ദുരിതത്തിലായി; ഒടുവിൽ കുവൈറ്റ് പ്രവാസിക്ക് ​ആശ്വാസമായി കോടതി വിധി

നാല് വര്‍ഷമായി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിക്കാണ് കോടതിയിലൂടെ നീതി ലഭിച്ചത്.

മാസങ്ങളോളം ശമ്പളം ലഭിക്കാതെ ദുരിതത്തിലായി; ഒടുവിൽ കുവൈറ്റ് പ്രവാസിക്ക് ​ആശ്വാസമായി കോടതി വിധി
dot image

കുവൈറ്റില്‍ മാസങ്ങളോളം ശമ്പളം ലഭിക്കാതെ ദുരിതത്തിലായ പ്രവാസി തൊഴിലാളിക്ക് ഒടുവില്‍ തൊഴില്‍ കോടതിയില്‍ നിന്നും നീതി ലഭിച്ചു. സ്വകാര്യ സ്ഥാപനത്തിന് എതിരെ നല്‍കിയ പരാതിയിലാണ് തൊഴിലാളിയുടെ ആറുമാസത്തെ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ കോടതി ഉത്തരവിട്ടത്. സ്‌പോണ്‍സറുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമയിലേക്ക് വിസാ മാറ്റത്തിനും കോടതി അനുമതി നല്‍കി.

നാല് വര്‍ഷമായി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിക്കാണ് കോടതിയിലൂടെ നീതി ലഭിച്ചത്. ആറുമാസമായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ, നിയമപ്രകാരം മറ്റൊരു സ്ഥാപനത്തിലേക്ക് ഇഖാമ മാറ്റത്തിന് അപേക്ഷ നല്‍കിയ ഇയാള്‍ക്കെതിരെ ഒളിച്ചോടിയെന്ന വ്യാജ പരാതിയും കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തൊഴില്‍ കരാര്‍, ബാങ്ക് രേഖകള്‍, കമ്പനിയുമായുള്ള കത്തിടപാടുകള്‍ എന്നിവ പരിശോധിച്ച കോടതി, വേതനം നല്‍കാതിരുന്നത് തൊഴില്‍ നിയമത്തിന്റെയും തൊഴില്‍ കരാറിന്റെയും ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തി.

ഇതേതുടര്‍ന്ന് ആറുമാസത്തെ ശമ്പള കുടിശ്ശിക, അധിക ജോലിസമയത്തിനുള്ള പ്രതിഫലം, നാല് വര്‍ഷത്തെ സേവനാനന്തര ആനുകൂല്യങ്ങള്‍ എന്നിവ തൊഴിലാളിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ തൊഴിലാളിക്കെതിരെ കമ്പനി നല്‍കിയ ഒളിച്ചോട്ട പരാതി റദ്ദാക്കുകയും റിക്രൂട്ട്‌മെന്റ് ചെലവും മറ്റ് ചെലവുകളും ഈടാക്കണമെന്ന കമ്പനിയുടെ ആവശ്യം നിരാകരിക്കുകയും ചെയ്തു. ഇത് കൂടാതെ നിലവിലെ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്ക് ഇഖാമ മാറ്റത്തിനുള്ള അനുമതിയും കോടതി അനുവദിച്ചു. തൊഴിലിടങ്ങളില്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന പ്രവാസികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് കോടതിയുടെ ഈ നിര്‍ണായക വിധി.

Content Highlights: A Kuwait expatriate worker who struggled for months without salary payments has finally received relief after a court ruled in his favor. The verdict is expected to strengthen labor rights protections for expatriate employees in Kuwait.

dot image
To advertise here,contact us
dot image