

റിയാദ് മെട്രോ പദ്ധതിയുടെ പ്രധാന കേന്ദ്രമായ വെസ്റ്റേണ്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ റിയാദ് മെട്രോ ശൃംഖലയിലെ നാലു പ്രധാന സ്റ്റേഷനുകളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു. റിയാദ് നഗരത്തിലെ പൊതുഗതാഗത സംവിധാനത്തില്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന റിയാദ് മെട്രോയുടെ വെസ്റ്റേണ്‍ സ്റ്റേഷനാണ് യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയിരിക്കുന്നത്.
1,12,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച വെസ്റ്റേണ്‍ സ്റ്റേഷന്‍, റിയാദ് മെട്രോ പദ്ധതിയിലെ നാല് പ്രധാന സ്റ്റേഷനുകളില്‍ ഏറ്റവും വലുതാണ്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍, എസ്.ടി.സി ഉലയ സ്റ്റേഷന്‍, ഖസര്‍ അല്‍ഹുകും സ്റ്റേഷന്‍ എന്നിവയാണ് റിയാദ് മെട്രോയിലെ മറ്റു പ്രധാന സ്റ്റേഷനുകള്‍. മണിക്കൂറില്‍ 60,000 ലേറെ ട്രെയിന്‍ യാത്രക്കാരെയും 1,300 ബസ് യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റിയാദിലെ പ്രധാന റൂട്ടുകളും സ്ഥലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പൊതുഗതാഗത ശൃംഖലയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഒന്നാകും വെസ്റ്റേണ്‍ സ്റ്റേഷന്‍. 2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. ബ്ലൂ ലൈന്‍, യെല്ലോ ലൈന്‍, വയലറ്റ് ലൈന്‍ എന്നീ മൂന്നു റൂട്ടുകളില്‍ 2024 ഡിസംബര്‍ ഒന്നിനും റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15-നും ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചിനുമാണ് സര്‍വീസ് ആരംഭിച്ചത്.
ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലേത്. 176 കിലോമീറ്ററാണ് റിയാദ് മെട്രോയിലെ ആറ് ട്രാക്കുകളുടെ ആകെ ദൈര്‍ഘ്യം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ റിയാദ് മെട്രോക്ക് കഴിയും. റിയാദ് മെട്രോയുടെ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖല എന്ന പ്രത്യേകതയും റിയാദ് മെട്രോക്ക് സ്വന്തമാണ്.
Content Highlights: Riyadh Metro’s Western Station is now fully operational, marking a major milestone in the city’s public transportation network and supporting the goals of Saudi Vision 2030. The LEED Gold-certified station features world-class facilities and a high passenger capacity, improving connectivity and enhancing urban living standards.