പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതി വേഗത്തിലാക്കാൻ ഇന്ത്യയുടെ നീക്കം!

പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളുമാണ് ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതിയെ പ്രതിസന്ധിയിലാക്കിയത്.

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതി വേഗത്തിലാക്കാൻ ഇന്ത്യയുടെ നീക്കം!
dot image

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഖത്തറിൽ നിന്ന് വിതരണം തടസ്സപ്പെട്ട എൽഎൻജി (LNG) ചരക്കുകൾ നേരത്തേ ലഭ്യമാക്കാൻ ശക്തമായ നീക്കങ്ങളുമായി ഇന്ത്യ. വിഷയത്തിൽ ഖത്തറുമായി ചർച്ചകൾ നടന്നുവരികയാണെന്ന് പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അക്ഷയ് കുമാർ സിങ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളുമാണ് ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതിയെ പ്രതിസന്ധിയിലാക്കിയത്.

2026 മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള എട്ടു മാസത്തെ കാലയളവിൽ ഇന്ത്യയിലേക്ക് ലഭിക്കേണ്ടിയിരുന്ന 75 മുതൽ 80 വരെയുള്ള എൽഎൻജി ചരക്കുകളിൽ ആറെണ്ണം മാത്രമാണ് ഇതുവരെ എത്തിയത്. സാധാരണ നിലയിൽ പ്രതിമാസം 9 മുതൽ 10 വരെ എൽഎൻജി ചരക്കുകൾ ഖത്തറിൽ നിന്ന് ഇന്ത്യയിലെത്താറുണ്ട്. ഓരോ ചരക്കിലും ഏകദേശം 1.38 ലക്ഷം ക്യുബിക് മീറ്റർ എൽഎൻജിയാണുള്ളത്. വിതരണം സാധാരണ നിലയിലാകുന്നതുവരെ കൃത്യമായ സമയം ഉറപ്പുനൽകാൻ ഖത്തറിനും സാധിച്ചിട്ടില്ല.

അതേസമയം, ഖത്തർ എനർജിയുമായി പ്രതിവർഷം 75 ലക്ഷം ടൺ എൽഎൻജി വാങ്ങുന്നതിനുള്ള 20 വർഷത്തെ കരാറിൽ പെട്രോനെറ്റ് ഒപ്പുവെച്ചിട്ടുണ്ട്. 2028 മേയ് മുതൽ 2048 ഡിസംബർ വരെ നീളുന്നതാണ് ഈ കരാർ. വിതരണ തടസ്സങ്ങൾ മൂലം മാറ്റിവെക്കുന്ന ചരക്കുകൾ നിശ്ചിത വീണ്ടെടുക്കൽ കാലയളവിനുള്ളിൽ പഴയ കരാർ നിരക്കിൽ തന്നെ ഇന്ത്യക്ക് ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്.

വിതരണ തടസ്സങ്ങൾ നിലനിൽക്കുമ്പോഴും സാമ്പത്തിക നേട്ടത്തിൽ പെട്രോനെറ്റ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 54 ശതമാനം ഉയർന്ന് 1,235 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 802 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

Content Highlights: Petronet LNG is in talks with Qatar to expedite delayed gas shipments as India seeks to secure supplies amid disruptions caused by the West Asia conflict

dot image
To advertise here,contact us
dot image