ദുബായ്-ഷാർജ റോഡിലെ ​ഗതാ​ഗതക്കുരുക്കിന് ​ആശ്വാസം; അൽ താവൂൻ പാലവും ജംഗ്ഷനുകളും തുറന്നു

ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ച സാഹചര്യത്തിൽ സന്ദർശകർക്ക് എക്സ്പോ സെന്ററിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പുതിയ പാത സഹായിക്കും

ദുബായ്-ഷാർജ റോഡിലെ ​ഗതാ​ഗതക്കുരുക്കിന് ​ആശ്വാസം; അൽ താവൂൻ പാലവും ജംഗ്ഷനുകളും തുറന്നു
dot image

ദുബായ്-ഷാർജ റോഡിലെ ഗതാഗതക്കുരുക്കിന് ആശ്വാസമേകി അൽ താവൂൻ ഇന്റർചേഞ്ച് ഭാഗികമായി തുറന്നു നൽകി. പ്രധാന റോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതോടെ ഇരു എമിറേറ്റുകൾക്കുമിടയിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളുടെ യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. അൽ താവൂൻ ഇന്റർചേഞ്ചിന്റെ ആദ്യ ഘട്ടവും ഇതിനോടനുബന്ധിച്ചുള്ള പാലങ്ങളും ജംഗ്ഷനുകളും ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ച സാഹചര്യത്തിൽ സന്ദർശകർക്ക് എക്സ്പോ സെന്ററിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പുതിയ പാത സഹായിക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് എക്സ്പോ സെന്ററിലേക്കുള്ള വൺവേ റൂട്ട് പൂർണ്ണമായും പ്രവർത്തനക്ഷമമായിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 4,200 വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ ശേഷിയുള്ളതാണ് പുതിയ പാത. സർവീസ് റോഡുകൾ, വലിയ പാർക്കിംഗ് ഏരിയകൾ, സുഗമമായ പ്രവേശന കവാടങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

Also Read:

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷൻ അതോറിറ്റി അറിയിച്ചു. രണ്ടാം ഘട്ടത്തിൽ അൽ താവൂൻ റൗണ്ട് എബൗട്ടിലെയും ടണലിലെയും അപ്പർ ലെവൽ ജംഗ്ഷനുകൾ പൂർണ്ണമായും തുറന്നുനൽകും. കൂടാതെ മൂന്ന് വ്യാവസായിക തെരുവുകളിലെ പാലങ്ങളുടെ പണികളും അൽ ഖുലഫ അൽ റാഷിദീൻ ഇന്റർചേഞ്ചിന്റെ പുനരുദ്ധാരണവും പൂർത്തിയാക്കും. പദ്ധതി പൂർണ്ണ സജ്ജമാകുന്നതോടെ ഷാർജയിലെ പ്രമുഖ റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളെ ദുബൈയിലെ പ്രധാന റോഡുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.

Content Highlights: Sharjah opens the first phase of the Al Taawun road development project, including new bridges and junctions, to improve traffic flow between Dubai and Sharjah.

dot image
To advertise here,contact us
dot image