'രാമായണ' ടീമിന് ആശംസകളുമായി അല്ലു അർജുൻ: "ഇതൊരു സിനിമ മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റെ പ്രതിഫലനമെന്ന് താരം

നിതീഷ് തിവാരിയുടെ 'രാമായണ'ത്തിന് പിന്തുണയുമായി അല്ലു അർജുൻ

'രാമായണ' ടീമിന് ആശംസകളുമായി അല്ലു അർജുൻ: "ഇതൊരു സിനിമ മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റെ പ്രതിഫലനമെന്ന് താരം
dot image

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിന് ആശംസകൾ അറിയിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് താരം സിനിമയ്ക്കും അണിയറപ്രവർത്തകർക്കും തന്റെ പിന്തുണ പ്രഖ്യാപിച്ചത്. "രാമായണ ടീം മുഴുവനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇതൊരു വെറുമൊരു സിനിമ മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റെ പ്രതിഫലനവും ഇന്ത്യൻ സിനിമയുടെ നിലവാരം ഉയർത്താനുള്ള മികച്ചൊരു ശ്രമവുമാണ്. ഈ ദിവ്യമായ ശ്രമത്തിന് എന്റെ എല്ലാവിധ പോസിറ്റീവ് ആശംസകളും നേരുന്നു. നമ്മുടെ കഥകളും സംസ്കാരവും പ്രൗഢിയും പേറുന്ന ഈ ശുദ്ധമായ ശ്രമത്തെ പിന്തുണയ്ക്കാൻ നമുക്കെല്ലാവർക്കും ഒന്നിക്കാം. ജയ് ശ്രീറാം," എന്ന് അല്ലു അർജുൻ കുറിച്ചു.

രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായാണ് അണിയറയിൽ ഒരുങ്ങുന്നത്. അല്ലു അർജുന്റെ പോസ്റ്റിന് പിന്നാലെ സംവിധായകൻ നിതീഷ് തിവാരിയും നിർമ്മാതാക്കളും താരത്തിന് നന്ദി അറിയിച്ചു.

ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്‍റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വനിതകളിലൊരാളായ സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ, ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവർ പകർന്നു നൽകുന്നു. 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

'ദംഗൽ' എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ 'രാമായണം' ഒന്നിപ്പിക്കുകയാണ്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പിആർഒ ആതിര ദിൽജിത്ത്.

Content Highlights: Allu Arjun has extended his support to Ranbir Kapoor's ambitious film Ramayana through a post on X. His post has attracted significant attention on social media.

dot image
To advertise here,contact us
dot image