ഊർജ്ജ സുരക്ഷയ്ക്ക് കൈകോർത്ത് സൗദി, ഖത്തർ, കുവൈറ്റ്, ഈജിപ്ത്; സുപ്രധാന കരാറുകൾ നിലവിൽ വന്നു

കുവൈറ്റുമായി ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ വൈദ്യുതി ഗ്രിഡ് ബന്ധിപ്പിക്കൽ, ഊർജ്ജ കയറ്റുമതി, സ്മാർട്ട് ഗ്രിഡുകൾ, ഊർജ്ജ കാര്യക്ഷമത എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കും

ഊർജ്ജ സുരക്ഷയ്ക്ക് കൈകോർത്ത് സൗദി, ഖത്തർ, കുവൈറ്റ്, ഈജിപ്ത്; സുപ്രധാന കരാറുകൾ നിലവിൽ വന്നു
dot image

മധ്യപൂർവേഷ്യൻ മേഖലയിൽ ഊർജ്ജ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി മൂന്ന് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. റിയാദിൽ നടന്ന ചടങ്ങിൽ സൗദി ഊർജ്ജ മന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരനാണ് അയൽ രാജ്യങ്ങളിലെ സഹമന്ത്രിമാരുമായി കരാറുകളിൽ ഒപ്പുവെച്ചത്. വൈദ്യുതി, പുനരുപയോഗ ഊർജ്ജം, എണ്ണ, പ്രകൃതിവാതകം, പെട്രോകെമിക്കൽസ്, ഊർജ്ജ സംഭരണം, ഇൻഫ്രാസ്ട്രക്ചർ വികസനം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയാണ് കരാറിന്റെ പ്രധാന മേഖലകൾ.

കുവൈറ്റുമായി ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ വൈദ്യുതി ഗ്രിഡ് ബന്ധിപ്പിക്കൽ, ഊർജ്ജ കയറ്റുമതി, സ്മാർട്ട് ഗ്രിഡുകൾ, ഊർജ്ജ കാര്യക്ഷമത എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കും. ഇതിനുപുറമെ ഡിജിറ്റൽ പരിവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സുരക്ഷ, കാർബൺ ഉദ്‌വമനം കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. കുവൈറ്റ് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രി സുബൈഹ് അബ്ദുൽഅസീസ് അൽ മുഖൈസീമുമായാണ് സൗദി കരാറിൽ ഒപ്പുവെച്ചത്.

ഖത്തർ ഊർജ്ജകാര്യ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽ കഅബിയുമായി ഒപ്പുവെച്ച കരാറിൽ പെട്രോളിയം, പ്രകൃതിവാതകം, ക്ലീൻ ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം എന്നിവയ്ക്ക് പുറമെ എണ്ണ, വാതക കയറ്റുമതി പൈപ്പ്‌ലൈനുകൾ സംയുക്തമായി വികസിപ്പിക്കുന്ന കാര്യവും ഉൾപ്പെടുന്നു. ആഗോള കാലാവസ്ഥാ വ്യതിയാന ചർച്ചകൾ, പാരിസ് ഉടമ്പടി, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയിൽ ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കും.

ഈജിപ്ഷ്യൻ പെട്രോളിയം, ധാതുവിഭവ മന്ത്രി കരീം ബദവിയുമായി ഒപ്പുവെച്ച കരാറിലൂടെ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോളിയം ഉത്പ്പന്നങ്ങൾ എന്നിവയുടെ ഗതാഗതം, സംഭരണം, വിതരണം എന്നീ മേഖലകളിൽ വിപണി പങ്കാളിത്തം ഉറപ്പാക്കും. ഈജിപ്തിലെ ഇന്ധന സ്റ്റേഷനുകൾ ആധുനികീകരിക്കുന്നതിനും പെട്രോകെമിക്കൽ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും സൗദിയുടെ സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തും. മേഖലയിലെ ഊർജ്ജ സുരക്ഷയും വിതരണ ശൃംഖലയും കൂടുതൽ കരുത്തുറ്റതാക്കാൻ ഈ പുതിയ കരാറുകൾ വഴിയൊരുക്കും.

Content Highlights: Saudi Arabia energy agreements, Qatar Saudi energy cooperation, Kuwait Saudi electricity agreement, Egypt Saudi energy partnership, Gulf energy security, renewable energy cooperation, oil and gas agreements, energy storage, clean hydrogen, October 2026 energy news

dot image
To advertise here,contact us
dot image