

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആവർത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. സിവിലിയൻ സംവിധാനങ്ങൾക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇന്ത്യ അനുശോചനം അറിയിച്ചു. ഒപ്പം സൗദി അറേബ്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒക്ടോബർ 10-ന് നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് സൗദി അധികൃതർ റിപ്പോർട്ട് ചെയ്തത്. ഈ ആഴ്ചയിലെ മൂന്നാമത്തെ ഹൂതി ആക്രമണമാണിത്. മറ്റ് രണ്ട് ആക്രമണങ്ങളിൽ സൗദിയ വിമാനത്തിലെ പെെലറ്റ് അടക്കം നാല് പേർ കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
അതേസമയം, യുഎഇയിലെ റാസൽഖൈമ തീരത്തിന് സമീപം അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വെള്ളിയാഴ്ച പനാമ പതാകയുള്ള കപ്പലിന് നേരെ അജ്ഞാത വസ്തു പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. പിന്നീട് തീ അണച്ചു.
യുഎഇ തീരത്ത് അൽ ജസീറയ്ക്ക് പടിഞ്ഞാറ് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. കപ്പലിന് നേരെ അജ്ഞാത പ്രൊജക്ടെെൽ പതിച്ചതായി വിവിധ സ്രോതസ്സുകളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. സംഭവത്തിൽ കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയും പരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന ആഘാതവും സംബന്ധിച്ച വിവരങ്ങൾ അധികൃതർ ആദ്യം വ്യക്തമായിരുന്നില്ല. അധികൃതർ അന്വേഷണം ആരംഭിക്കുകയും മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളോട് ജാഗ്രത പാലിക്കാൻ നിർദേശിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് സംഭവം. വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ശ്രമിച്ച എൽപിജി കപ്പലിന് നേരെ ആക്രമണമുണ്ടായെന്നും തീപിടിത്തമുണ്ടായെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അവകാശപ്പെട്ടിരുന്നു. ഇറാൻ വിശേഷിപ്പിച്ച ‘illegal route’ (നിയമവിരുദ്ധ പാത) യുടെയായിരുന്നു കപ്പലിന്റെ യാത്രയെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: India issued a statement regarding an incident at Saudi Arabia’s King Khalid International Airport, while all 22 Indian crew members aboard a vessel off the UAE coast near Ras Al Khaimah were rescued safely.