

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം സ്വന്തമാക്കി രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ. യുഎഇയിലും ഒമാനിലുമായി കഴിയുന്നവർക്കാണ് വിജയം സ്വന്തമായത്. ആകെ 19.5 ലക്ഷം ദിർഹമാണ് (ഏകദേശം 4.4 കോടിയിലധികം രൂപ) ഈ ഭാഗ്യശാലികൾ നേടിയത്. സമ്മാനം ലഭിച്ച സന്തോഷത്തിൽ വരും നറുക്കെടുപ്പുകളിൽ വീണ്ടും ഭാഗ്യം പരീക്ഷിക്കാനും കൂടുതൽ വലിയ വിജയം സ്വന്തമാക്കാനുമുള്ള ഒരുക്കത്തിലാണ് ഇവർ.
ഇന്ത്യക്കാരനായ സുനിൽ കുമാറാണ് ഇത്തവണത്തെ നറുക്കെടുപ്പിലെ പ്രധാന താരം. 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 2.2 കോടി രൂപ) ഒന്നാം സമ്മാനമാണ് സുനിൽ കുമാർ കരസ്ഥമാക്കിയത്. ദുബായ് ജബൽ അലിയിൽ 2008 മുതൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പഞ്ചാബ് സ്വദേശിയായ കുൽവന്ത് സിംഗ് (53) അഞ്ച് ലക്ഷം ദിർഹത്തിന്റെ സമ്മാനവും നേടി. അഞ്ച് സുഹൃത്തുക്കൾ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ട്രക്ക് ഡ്രൈവറായ കുൽവന്ത് ടിക്കറ്റെടുത്തത്. സ്വന്തമായി വീട് വെക്കുന്നതിനും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി ഈ തുക ഉപയോഗിക്കാനാണ് കുൽവന്തിന്റെ തീരുമാനം.
ഒമാനിൽ ഡോക്യുമെന്റ് കൺട്രോളറായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അജിത് കുമാർ വണ്ണാറത്താണ് മൂന്നാമത്ത് വിജയി. 2,50,000 ദിർഹം (ഏകദേശം 57 ലക്ഷത്തോളം രൂപ) അജിത്തിന് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 10 വർഷമായി ഒമാനിൽ കഴിയുന്ന അജിത് കുമാർ 10 പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തിനൊപ്പമാണ് പതിവായി ടിക്കറ്റെടുത്തത്.
മറ്റ് രണ്ട് ഇന്ത്യക്കാർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനമായി ലഭിച്ചു. അജ്മാനിൽ എഞ്ചിനീയറായ മലയാളി മുഹമ്മദ് ഇജാസ് ആണ് ഇതിൽ ഒരു വിജയി. തന്റെ മകന്റെ ജനനത്തീയതിയും വർഷവും ചേർത്തുവെച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് ഇജാസ് പ്രതികരിച്ചു. സമ്മാനമായി ലഭിച്ച തുക മകന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Five Indian expatriates won a combined Dh1.95 million in consolation prizes in Abu Dhabi Big Ticket Series 291. Kerala natives Muhammed Ijas C., an engineer in Ajman, won Dh100,000, while Ajith Kumar Vannarath, a document controller in Oman, won Dh250,000. Other winners included Sunil Kumar, Kulwant Singh and Setvan Kumar Chauhan.