ഓർക്കൂട്ട് വീണ്ടും വരുന്നു: യഥാർത്ഥ സൗഹൃദങ്ങൾ തിരിച്ചുപിടിക്കാൻ പിന്തുണ തേടി സ്ഥാപകൻ

2004-ൽ ആരംഭിച്ച ഓർക്കൂട്ട് ഇന്ത്യയിലും ബ്രസീലിലും വൻ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാൽ മറ്റ് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ 2014 സെപ്റ്റംബറിൽ ഗൂഗിൾ ഓർക്കൂട്ടിന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു

ഓർക്കൂട്ട് വീണ്ടും വരുന്നു: യഥാർത്ഥ സൗഹൃദങ്ങൾ തിരിച്ചുപിടിക്കാൻ പിന്തുണ തേടി സ്ഥാപകൻ
dot image

പഴയകാല ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കൂട്ട് (Orkut) പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങി സ്ഥാപകൻ ഓർക്കൂട്ട് ബ്യൂക്കോക്റ്റൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിത ഉള്ളടക്കങ്ങളും അൽഗോരിതങ്ങളുടെ അതിപ്രസരവുമില്ലാത്ത, തികച്ചും സുതാര്യവും യഥാർത്ഥവുമായ ഒരു സോഷ്യൽ മീഡിയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റായ orkut.com വഴി അദ്ദേഹം ഉപയോക്താക്കളുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് ഒരു തുറന്ന കത്ത് പുറത്തുവിട്ടിട്ടുണ്ട്.

ഇന്നത്തെ മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേവലം പരസ്യ വരുമാനത്തിനും ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും വേണ്ടിയാണ് അൽഗോരിതങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കത്തിൽ ഓർക്കൂട്ട് കുറ്റപ്പെടുത്തുന്നു. ഇത് പുതിയ തലമുറയിൽ വലിയ തോതിലുള്ള ഉത്കണ്ഠയും ഏകാന്തതയും വളർത്താൻ കാരണമായിട്ടുണ്ട്. കൂടാതെ ഡീപ് ഫേക്കുകളും, വ്യാജ ബോട്ടുകളും, എഐ സ്ലോപ്പും നിറഞ്ഞ ഇന്നത്തെ ഡിജിറ്റൽ ലോകത്ത് മനുഷ്യർ തമ്മിലുള്ള ആത്മാർത്ഥമായ ആശയവിനിമയം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പഴയ ഓർക്കൂട്ട് കാലഘട്ടത്തിൽ ആളുകൾ ഏറെ നെഞ്ചിലേറ്റിയ പരസ്പര താല്പര്യങ്ങളുള്ള കൂട്ടായ്മകളെ വീണ്ടെടുക്കാനാണ് പുതിയ പ്ലാറ്റ്‌ഫോം ശ്രമിക്കുന്നത്. ഒരേ ബസ് റൂട്ടിൽ യാത്ര ചെയ്യുന്നവർ, ഒരേ ബൈക്ക് ഇഷ്ടപ്പെടുന്നവർ, തിങ്കളാഴ്ചകളെ വെറുക്കുന്നവർ തുടങ്ങി സമാന ചിന്താഗതിക്കാരായ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരിടമായിരിക്കും ഇത്. യന്ത്രങ്ങൾക്ക് ഒരിക്കലും സ്നേഹവും കാരുണ്യവും പ്രചോദനവും സൃഷ്ടിക്കാൻ കഴിയില്ലെന്നും, അതിനാൽ മനുഷ്യത്വമുള്ള ഒരു ഇന്റർനെറ്റ് സംസ്കാരം ഒരുമിച്ച് കെട്ടിപ്പടുക്കാമെന്നും ഓർക്കൂട്ട് വ്യക്തമാക്കുന്നു.

2004-ൽ ആരംഭിച്ച ഓർക്കൂട്ട് ഇന്ത്യയിലും ബ്രസീലിലും വൻ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാൽ മറ്റ് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ 2014 സെപ്റ്റംബറിൽ ഗൂഗിൾ ഓർക്കൂട്ടിന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു. പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് തീയതിയോ അതിന്റെ സവിശേഷതകളോ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് തങ്ങളുടെ സപ്പോർട്ടർ കാർഡ് സുഹൃത്തുക്കളുമായി പങ്കുവെക്കാൻ ഓർക്കൂട്ട് ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്.

Content Highlights:Orkut founder Orkut Büyükkökten is seeking public support to revive the once-popular social networking platform.

His vision is to create a more authentic online community, with less emphasis on AI-generated content and engagement-driven algorithms.

dot image
To advertise here,contact us
dot image