

പശ്ചിമേഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയിൽ) ഇറക്കുമതി യുദ്ധത്തിന് മുമ്പുള്ള ഉയർന്ന നിലയിലേക്ക് തിരിച്ചെത്തി. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ പ്രതിദിനം മൂന്ന് ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ മിഡിൽ ഈസ്റ്റിൽ നിന്ന് ഇറക്കുമതി ചെയ്തത്. റഷ്യയിൽ നിന്നുള്ള ഇന്ധന ലഭ്യത കുറഞ്ഞതും ഗൾഫ് മേഖലയിലെ സമുദ്ര ഗതാഗത പാതകൾ പൂർവ്വസ്ഥിതിയിലായതുമാണ് ഇന്ത്യയ്ക്ക് വൻ ആശ്വാസമായി മാറിയത്.
യുഎസ്, ഇസ്രയേൽ, ഇറാൻ സംഘർഷങ്ങൾ സൃഷ്ടിച്ച തടസ്സങ്ങൾക്ക് ശേഷമാണ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണം സാധാരണ നിലയിലായത്. ഹോർമുസ് കടലിടുക്ക് വഴി മാത്രം പ്രതിദിനം 1.3 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യയിലെത്തിയത്. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്റ്റംബറിൽ ഇറാഖിൽ നിന്ന് പ്രതിദിനം 5,75,000 ബാരലും സൗദിയിൽ നിന്ന് 5,66,000 ബാരലും കുവൈറ്റിൽ നിന്ന് 3,31,000 ബാരലും എണ്ണ ഇറക്കുമതി ചെയ്തു. ഇതിൽ ഇറാഖിൽ നിന്നുള്ള വിതരണത്തിൽ മാത്രം 250 ശതമാനത്തിലധികം വർദ്ധനവാണുണ്ടായത്. പ്രമുഖ വ്യാപാര രഹസ്യാന്വേഷണ സ്ഥാപനമായ കെപ്ലർ (Kpler) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, റഷ്യൻ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഉക്രെയ്ൻ നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ സമ്മർദ്ദങ്ങളും കാരണം റഷ്യയിൽ നിന്നുള്ള എണ്ണ ലഭ്യത തുടർച്ചയായ രണ്ടാം മാസവും കുറഞ്ഞു. വിതരണ സമയത്തിലെ ലാഭമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയെ ഇന്ത്യയ്ക്ക് കൂടുതൽ പ്രിയങ്കരമാക്കുന്നത്.
ഗൾഫിൽ നിന്നുള്ള ടാങ്കറുകൾ 6-7 ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്ത് എത്തുമ്പോൾ, അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ എത്തിക്കാൻ ആഴ്ചകൾ എടുക്കും. അതിനാൽ സമയലാഭത്തിനും ഇന്ത്യൻ റിഫൈനറികളുടെ സുഗമമായ പ്രവർത്തനത്തിനും ഗൾഫ് സ്രോതസ്സുകളെ ആശ്രയിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ഊർജ്ജ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
Content Highlights: India’s Gulf crude oil imports rose sharply in September as suppliers increased shipments despite risks around the Strait of Hormuz. Iraq, Saudi Arabia and Kuwait recorded significant increases, providing Indian refiners with greater access to Middle Eastern crude and more sourcing options.