

കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള ടൂറിസം സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ധാരണയായി. കുവൈറ്റ് വാർത്താവിനിമയ-സാംസ്കാരിക വകുപ്പ് ചുമതലയുള്ള മന്ത്രി ഉമർ അൽ ഉമറും സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് നിർണായക ചർച്ചകൾ നടന്നത്. ബഹ്‌റൈനിൽ സംഘടിപ്പിച്ച ജിസിസി ടൂറിസം മന്ത്രിമാരുടെ പത്താമത് യോഗത്തിനിടയിലായിരുന്നു ഇരുനേതാക്കളുടെയും പ്രത്യേക കൂടിക്കാഴ്ച.
രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും ആഴത്തിലുള്ളതുമായ സാഹോദര്യ ബന്ധം ചൂണ്ടിക്കാട്ടിയ നേതാക്കൾ, ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് സംയുക്ത പദ്ധതികൾ ആവശ്യമാണെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര ശേഷികളും അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം രംഗം കൂടുതൽ വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്.
ടൂറിസം അനുബന്ധ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കുക, സാങ്കേതിക വൈദഗ്ധ്യവും അനുഭവ സമ്പത്തും കൈമാറുക തുടങ്ങിയ വിഷയങ്ങളിലും ഇരുമന്ത്രിമാരും ചർച്ച നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ സംയുക്ത ടൂറിസം സംരംഭങ്ങൾക്ക് പദ്ധതി രൂപീകരിക്കാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Kuwait and Saudi Arabia are working to strengthen bilateral cooperation in the tourism sector. The two countries are focusing on greater collaboration and coordination to support tourism development and expand opportunities within the sector.