

ഏകദിന ലോകകപ്പ് 2027 ൽ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി രോഹിത് ശര്‍മ. 2027-ലെ ഏകദിന ലോകകപ്പിൽ താന്‍ കളിക്കുമോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത നല്‍കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് പറഞ്ഞു.
'2027 ഒക്ടോബര്‍ വളരെ അകലെയാണ്, അപ്പോള്‍ അതിനെക്കുറിച്ച് നമുക്ക് നോക്കാം.' എന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. അടുത്ത ലോകകപ്പ് സൈക്കിളിന് മുന്നോടിയായി സീനിയര്‍ താരത്തെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെ ബിസിസിഐ തള്ളിക്കളഞ്ഞു.
ടെസ്റ്റ്, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച രോഹിത് നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. 2027 ലോകകപ്പ് വര്‍ഷത്തില്‍ 40 വയസ്സ് തികയുന്ന രോഹിത്തിന്റെ അന്താരാഷ്ട്ര കരിയറിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 2027 ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെയാണ് ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2027 ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാന്‍ ഇന്ത്യക്ക് ഇനിയും ധാരാളം മത്സരങ്ങള്‍ ബാക്കിയുണ്ട്. ബംഗ്ലാദേശ് പരമ്പരയും ഏഷ്യാ കപ്പ് മത്സരങ്ങളും ഒഴിച്ചുനിര്‍ത്തിയാലും ലോകകപ്പിന് മുമ്പ് ഇന്ത്യ കുറഞ്ഞത് 14 ഏകദിനങ്ങളിലെങ്കിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
content highlights: rohit sharma reveals plan on playing 2027 odi world cup