

യുഎഇയിൽ കടുത്ത ചൂടും ഉയർന്ന ഈർപ്പവും ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാത്രിയിലും ശനിയാഴ്ച രാവിലെയുമായി തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം.
രാജ്യത്ത് ലിവയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. ഇവിടെ 46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും. അബുദാബി, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിൽ 43 ഡിഗ്രിയും ഷാർജയിൽ 41, ദുബായിൽ 40, ഫുജൈറയിൽ 35 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്ന ഉയർന്ന താപനില. ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുന്നത് കൂടുതൽ അസ്വസ്ഥതയ്ക്ക് കാരണമാകും. ദുബായിൽ ഈർപ്പം 90 ശതമാനം വരെയും അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ 85 ശതമാനം വരെയും ഉയർന്നേക്കും.
മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. നിലവിൽ അറേബ്യൻ ഉൾക്കടലിൽ കടൽ ശാന്തമായിരിക്കുമെങ്കിലും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ പ്രക്ഷുബ്ധതയ്ക്ക് സാധ്യതയുണ്ട്.
വരുന്ന വാരാന്ത്യത്തിലും സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളാകും യുഎഇയിൽ അനുഭവപ്പെടുക. ശനിയാഴ്ച പകൽ സമയത്ത് കിഴക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, ശനി, ഞായർ, തിങ്കൾ ദിവസങ്ങളുടെ രാവിലെയോടെ തീരപ്രദേശങ്ങളിലും ഉൾനാടുകളിലും മൂടൽമഞ്ഞ് വീണ്ടും ദൃശ്യമായേക്കാം. ഞായറാഴ്ച കാറ്റിന്റെ വേഗത 35 കിലോമീറ്ററും ശനിയാഴ്ച 40 കിലോമീറ്ററും വരെ ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
Content Highlights: Intense heat is expected to continue across the UAE today, while authorities have issued a fog warning for coastal areas. Residents and motorists in affected regions are advised to remain cautious amid the weather conditions